print edition കുഞ്ഞ് മണ്ണിലലിഞ്ഞു : അമ്മയെയും വെറുതെവിട്ടില്ല

വേണു കെ ആലത്തൂർ
Published on Nov 15, 2026, 12:23 AM | 1 min read
‘എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിർത്തിയിരിക്കുന്നത്’ – അടിയന്തരാവസ്ഥക്കാലത്ത് പൊലീസ് ഉരുട്ടിക്കൊന്ന രാജന്റെ അച്ഛൻ പ്രൊഫ. ഈച്ചരവാര്യരുടെ വാക്കുകൾക്ക് അരനൂറ്റാണ്ടിനിപ്പുറവും പ്രസക്തിയേറുന്നു. അന്ന് മരിച്ച മകന്റെ ഓർമകളെയാണ് മഴയത്ത് നിർത്തിയതെങ്കിൽ ഇന്ന് അട്ടപ്പാടിയിൽ കുഞ്ഞിനെ നഷ്ടപ്പെട്ട അവശയായ അമ്മയെ യുഡിഎഫ് സർക്കാരിന്റെകീഴിൽ അരുവിയും ചെളിയും താണ്ടി നടത്തിച്ചു.
രണ്ട് മാസവും 23 ദിവസവും പ്രായമായ പൊന്നുമോൻ മരിച്ചതിന്റെ വേദന മാറാതെ വീട്ടിൽക്കഴിയുന്ന പുതൂർ പഞ്ചായത്തിലെ വെന്തവട്ടി പങ്ങനാരിപ്പള്ളം ഉൗരിലെ സൗമ്യയോടാണ് ക്രൂരത. ശിശുമരണം സംബന്ധിച്ച തെളിവെടുപ്പിന് രണ്ടാഴ്ചമുമ്പാണ് ആർസിഎച്ച് ഓഫീസറെത്തിയത്. പ്രധാന റോഡിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് സൗമ്യയുടെ വീട്. പകുതി ദൂരം കയറ്റമുള്ള ഇടുങ്ങിയ റോഡ്. അരുവിയും കടക്കണം. വസ്‌ത്രം നനയുമെന്നതിനാൽ പ്രധാനറോഡിൽ കാർ നിർത്തി ആർസിഎച്ച് ഓഫീസര്‍ രണ്ട് നഴ്‌സുമാരെ വീട്ടിലേക്കയച്ച് വിളിപ്പിച്ചു. ‘നടക്കാൻ തീരെ വയ്യ, അവരോട് ഇങ്ങോട്ട് വരാൻ പറയാമോ’ സൗമ്യ നിസ്സഹായതയോടെ ചോദിച്ചു. ‘അത് പറ്റില്ല, ആർസിഎച്ച് ഓഫീസർ വണ്ടിയിലുണ്ട്. അവിടെ വന്ന് മൊഴികൊടുത്ത് വന്നോളു’– ഉൗരിലെത്തിയ നഴ്‌സുമാർ പറഞ്ഞു.
അവർ നിർബന്ധിച്ച് സൗമ്യയെ കൂട്ടിക്കൊണ്ടുപോയി. കുഞ്ഞ് മരിച്ചത് എങ്ങനെയെന്നാണ് അവർ ചോദിച്ചത്. ക്ഷീണിതയായ സൗമ്യക്ക് ആരോഗ്യം പൂർണതോതിൽ വീണ്ടെടുക്കാനായിട്ടില്ല. സൗമ്യ– ബിജു ദമ്പതികൾക്ക് ആൺകുഞ്ഞ് പിറന്നത് ജൂൺ ഒമ്പതിന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. സെപ്‌തംബർ മൂന്നിനാണ് മരിച്ചത്. പ്രസവസമയത്ത് നടത്തിയ പരിശോധനകളിൽ കുഴപ്പമൊന്നും കണ്ടില്ല. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സൗമ്യ പറയുന്നു.അഗളി വടകോട്ടത്തറ മുരുകേഷ് –ശിവകാമി ദമ്പതികളുടെ 15 ദിവസം പ്രായമായ ആൺകുഞ്ഞ് ജനിച്ച് ഒരു മണിക്കൂറിനകം മരിച്ചു. കോട്ടത്തറ ആശുപത്രിയിലെ സ്‌കാനിങ് പിഴവാണ് കുഞ്ഞിന്റെ ജീവൻ അപഹരിച്ചത്.
ആദിവാസികളോട് പക്ഷഭേദം
ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാൻ റഫർ ചെയ്യുക എന്ന ശീലം അട്ടപ്പാടിയിലെ കോട്ടത്തറ ആശുപത്രിയിൽ കൂടിവരുന്നു. ആരോഗ്യമില്ലാത്ത ഗർഭിണികളെ ഉടൻ റഫർ ചെയ്യുകയാണ്. ആദിവാസികളോട് മാത്രമാണ് പക്ഷഭേദം. ഗർഭിണികളുടെ തുടർച്ചികിത്സയിലും വീഴ്‌ചയുണ്ട്. ഇപ്പോൾ കിടക്കകളുടെ എണ്ണവും കുറച്ചു.
ടി ആർ ചന്ദ്രൻ
റിട്ട. ഹെൽത്ത് ഇൻസ്‌പെക്ടർ









0 comments