ad
Deshabhimani

print edition പൊലീസുകാരനെയും മർദ്ദിച്ചു: യുട്യൂബറെ കസ്‌റ്റഡിയിൽ ആക്രമിച്ചത്‌ മാങ്കൂട്ടത്തിലിന്റെ സാന്നിധ്യത്തിൽ

RAHUL MAMKOOTATHIL
avatar
സ്വന്തം ലേഖകൻ

Published on Jul 15, 2026, 12:01 AM | 1 min read

അടൂർ: യുട്യൂബർ രാജൻ ജോസഫിനെ പൊലീസ് കസ്‌റ്റഡിയിൽ ആക്രമിച്ചത്‌ രാഹുൽ മാങ്കൂട്ടത്തിന്റെയും ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെയും സാന്നിധ്യത്തിൽ. അടൂർ പൊലീസ് സ്‌റ്റേഷൻ വളപ്പിൽ പൊലീസ് ജീപ്പുതടഞ്ഞായിരുന്നു മർദ്ദനം. സംഭവത്തിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കൾ ഉൾപ്പെടെയുള്ളവരെ പൊലീസ് സംരക്ഷിക്കാൻ ശ്രമിക്കുന്നതും രാഹുലിന്റെ ഇടപെടലിലാണെന്നും ആരോപണമുയർന്നു. അക്രമം തടയാൻ ശ്രമിച്ച സിവിൽ പൊലീസ് ഓഫീസർ നിധിന്റെ മുഖത്തിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. ചുണ്ടിന് സാരമായി പരിക്കേറ്റ നിധിൻ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്‌.


രാഹുലിന്റെ സന്തത സഹചാരി ഫെനി നൈനാന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. അക്രമികളെ തിരിച്ചറിഞ്ഞിട്ടും കണ്ടാലറിയാവുന്ന 20 പേരെന്ന് മാത്രം എഴുതിയാണ്‌ എഫ്ഐആർ രജിസ്‌റ്റർ ചെയ്‌തത്. മർദനമേറ്റ രാജൻ ജോസഫിനെ പൊലീസ് രക്ഷിച്ചുകൊണ്ടുപോകുന്നത്‌ സ്‌റ്റേഷനിലെ സിസിടിവിയിൽ കാണാം. സ്‌റ്റേഷനിൽ അതിക്രമിച്ചുകയറി രാഹുലും ശ്രീനാദേവി കുഞ്ഞമ്മയും യുട്യ‍ൂബറെ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങൾ പൊലീസിന്‌ ലഭിച്ചിട്ടുണ്ടെങ്കിലും പുറത്തുവിടുന്നില്ല. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിലാണ് രാജൻ ജോസഫിനെ കൊച്ചിയിൽനിന്ന്‌ അടൂർ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.


​യുട്യൂബറെ ആക്രമിക്കുന്നത്‌ തടയാൻ ശ്രമിച്ച പൊലീസുകാരനെ മർദിച്ച സംഭവത്തിലും പ്രതികൾക്കെതിരെ ദുർബല വകുപ്പുകളാണ്‌ ചേർത്തത്‌. പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയുള്ള ആക്രമണത്തിന്‌ ചുമത്തിയത്‌ സ്‌റ്റേഷൻ ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രം. ഇതിൽ പൊലീസ് സേനയിൽ കടുത്ത അതൃപ്തിയുണ്ട്‌. അതേസമയം യുട്യൂബർ രാജൻ ജോസഫിന് തല്ലുകിട്ടിയത് പ്രവൃത്തിയുടെ ഫലമെന്ന് ശ്രീനാദേവി കുഞ്ഞമ്മ പറഞ്ഞു. ഇത്തരത്തിൽ വീഡിയോ ചെയ്യുന്നവർ അടൂരിലെത്തിയാൽ അടികൊടുത്തെന്നിരിക്കും– അവർ പറഞ്ഞു. അക്രമികളെ അടൂരിലെ കോൺഗ്രസ് പട്ടാളമെന്ന് വിശേഷിപ്പിച്ച ശ്രീനാദേവി കുഞ്ഞമ്മയുടെ ഫെയ്സ്ബുക്ക്‌ പോസ്‌റ്റ്‌ വിവാദമായിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home