ad
Deshabhimani

കണക്ക് ബോധിപ്പിക്കണം; മന്ത്രി പത്രം വായിച്ചിട്ട് അറിയണോ? ഡോക്ടർമാർക്കെതിരെ കെ മുരളീധരൻ

K Muraleedharan

കെ മുരളീധരൻ

വെബ് ഡെസ്ക്

Published on Aug 30, 2026, 12:28 PM | 1 min read

തിരുവനന്തപുരം: ഒഴിവുകൾ നികത്താതെ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം നടപ്പാക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരെ ആരോ​ഗ്യമന്ത്രി കെ മുരളീധരൻ. ഒഴിവുകളുടെ കണക്ക് തന്നെ ബോധിപ്പിക്കണമെന്നും മന്ത്രി പത്രം വായിച്ചിട്ടല്ല അത് അറിയേണ്ടതെന്നും മുരളീധരൻ പറഞ്ഞു. തീരുമാനത്തിൽനിന്ന് സർക്കാർ പിന്നോട്ടുപോകില്ലെന്നും ആരോ​ഗ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ജീവനക്കാരുടെ കുറവുള്ളതിനാൽ സർക്കാർ തീരുമാനം നടപ്പാക്കിയാൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന കെജിഎംഒയുടെ പ്രസ്താവന സംബന്ധിച്ച ചോദ്യത്തോടായിരുന്നു മന്ത്രിയുടെ രൂക്ഷമായ പ്രതികരണം.


ആവശ്യത്തിന്‌ ഡോക്ടർമാരെ നിയമിക്കാതെ നിലവിലുള്ളവരെ പുനർവിന്യസിച്ച്‌ പദ്ധതി നടപ്പാക്കാനുള്ള ആരോ​ഗ്യവകുപ്പിന്റെ നീക്കത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്. ആദ്യഘട്ടം പുനലൂർ താലൂക്ക്‌ ആശുപത്രിയിൽ നടപ്പാക്കുമെന്നുപറഞ്ഞത് പാളി. ആശുപത്രിയിലേക്ക് നിയോഗിച്ച 11ൽ പത്തുപേരും ജോലിയിൽ പ്രവേശിച്ചില്ല. ഒഴിവുകൾ നികത്താതെയും പുതിയ തസ്തികകൾ സൃഷ്ടിക്കാതെയുമുള്ള പ്രഖ്യാപനത്തിനെതിരെ ആരോ​ഗ്യവകുപ്പ് ജീവനക്കാർ ശക്തമായ പ്രതിഷേധത്തിലാണ്.


2002ലും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്പെഷ്യാലിറ്റി ചികിത്സ നടപ്പാക്കുമെന്ന് ഉത്തരവിട്ടിരുന്നു. നൂറിലധികം കിടക്കകളുള്ള സർക്കാർ ആശുപത്രികളിൽ നടപ്പാക്കാനാണ്‌ ലക്ഷ്യമിട്ടതെങ്കിലും സ്പെഷ്യാലിറ്റി യോഗ്യതയുള്ളവർ കുറവായതിനാൽ പദ്ധതി മുന്നോട്ടുപോയില്ല.


നിലവിൽ, സംസ്ഥാനത്ത്‌ ആരോഗ്യവകുപ്പിൽ എണ്ണൂറിലധികം ഡോക്ടർമാരുടെ ഒഴിവുണ്ട്‌. സ്‌പെഷ്യാലിറ്റി കേഡറിൽമാത്രം 300 ഒഴിവും. ജനറൽ കേഡറിൽ 476, അഡ്മിനിസ്‌ട്രേറ്റീവ് കേഡറിൽ 24 എന്നിങ്ങനെയാണ്‌ ഒഴിവുകൾ. ജില്ല, ജനറൽ ആശുപത്രികളിലെ പല സ്പെഷ്യാലിറ്റികളിലും മൂന്നോ നാലോ വിദഗ്‌ധ ഡോക്ടർമാരെയുള്ളു. അത്യാഹിത വിഭാഗത്തിലും ആവശ്യത്തിന്‌ ഡോക്ടർമാരില്ല. രാത്രി അടിയന്തര ജോലിചെയ്യുന്ന സ്‌പെഷ്യലിസ്റ്റുകൾക്ക് പിറ്റേന്ന് പകൽ ഒപി, ഐപി, ഓപ്പറേഷൻ തിയേറ്റർ ജോലികളും ചെയ്യേണ്ടിവരുന്നു. 250ലേറെ ഒഴിവുകളിൽ സ്ഥാനക്കയറ്റം നടന്നിട്ടില്ല. ഇതിന് പ്രത്യേക സമിതി രൂപീകരിച്ചെങ്കിലും നടപടികളായില്ല.


സ്ഥാനക്കയറ്റം നടത്തി ജൂനിയർ കൺസൾട്ടന്റ്‌ ഒഴിവുകൾ സൃഷ്ടിക്കുന്നതിന്‌ പകരം പ്രാഥമിക- സാമൂഹിക ആരോഗ്യകേന്ദ്രങ്ങളിലെ ഡോക്ടർമാരെ പുനർവിന്യസിക്കുകയാണ്‌ ആരോഗ്യവകുപ്പ്‌. ഇത്‌, ഗ്രാമീണമേഖലകളിലുൾപ്പെടെ ചികിത്സാനിഷേധത്തിന്‌ കാരണമാകും. ഡോക്ടർമാരെ സ്പെഷ്യാലിറ്റി വിങ്ങുകളിലേക്ക്‌ നിയമിക്കുന്നത്‌ ജില്ല, ജനറൽ ആശുപത്രികളിലെ ഒപി സംവിധാനത്തെയും താറുമാറാക്കുമെന്നും പരാതിയുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home