നേപ്പാൾ മിന്നൽ പ്രളയം; ടിബറ്റിൽ കാണാതായത് 261 വിദേശപൗരന്മാരെ

കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ടിബറ്റിൽ നിന്ന് മാത്രമായി 261 വിദേശപൗരന്മാരെ കാണാതായതായി ചൈന. 104 നേപ്പാൾ പൗരന്മാർ, 49 ഇന്ത്യക്കാർ, 33 ലാത്വിയൻ പൗരന്മാർ, 18 അമേരിക്കൻ പൗരന്മാർ, 15 ബ്രിട്ടീഷ് പൗരന്മാർ എന്നിവരെയാണ് കാണാതായിരുന്നത്.
ഇവരെ കാണാതായ വിവരം അതാത് രാജ്യങ്ങളുടെ പ്രതിനിധികളെ അറിയിച്ചിട്ടുണ്ടെന്നും ചൈന പറഞ്ഞു. ഇതുവരെ 734 പേരാണ് പ്രളയത്തിൽ മരിച്ചത്. ഭോടെ കോസി നദിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ മേഖലയിൽ വീണ്ടും പ്രളയമുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
റോഡുകളും ഗ്രാമങ്ങളും പൂർണമായും തകർന്നതിനാൽ രക്ഷാപ്രവർത്തനം ദുർഘടമാണ്. നേപ്പാളിൽ ഏകദേശം 2,426 പേരും ടിബറ്റിലെ ഗ്വിറോങ് കൗണ്ടിയിൽ 554 പേരും ഉൾപ്പെടെ ഏകദേശം 3,000 പേരെയാണ് കാണാതായിരിക്കുന്നതെന്നാണ് റിപ്പോർട്ട്. 275 ഇന്ത്യക്കാരെയാണ് നേപ്പാളിൽ നിന്ന് കാണാതായിരുന്നത്.
അതേസമയം, നേപ്പാളിലേക്ക് വിനോദയാത്രയ്‌ക്ക് പോയ 38 അംഗ മലയാളിസംഘത്തിലെ 31 പേർ ഞായർ പുലർച്ചെ 2.15ഓടെ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തി.
നേപ്പാൾ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ പ്രളയബാധിത മേഖലകളിൽ നിന്ന് 100-ലധികം പേരെ രക്ഷപ്പെടുത്തിയതായാണ് വിവരം. കൂടുതൽ സൈന്യത്തെ വിന്യസിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനുള്ള നീക്കങ്ങൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.








0 comments