ഹഖിന്റെയും മിഥിലാജിന്റെയും ഓർമകളിൽനാട്; രക്തസാക്ഷിത്വത്തിന് ആറു വർഷം

മിഥിലാജ്, ഹഖ് മുഹമ്മദ്
തിരുവനന്തപുരം: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് ഇരട്ടക്കൊലയ്ക്ക് ഇന്നേക്ക് ആറു വർഷം. 2020 ആഗസ്‌ത് 30ന് തിരുവോണത്തലേന്നാണ് ഡിവൈഎഫ്ഐ പ്രവർത്തകരായ ഹഖ് മുഹമ്മദിനെയും മിഥിലാജിനെയും കോൺഗ്രസ് ഗുണ്ടകൾ അരുംകൊല ചെയ്തത്.
വെഞ്ഞാറമൂട് തേമ്പാമൂട് മേഖലയിലെ കലുങ്കുമുഖംയൂണിറ്റ് പ്രസിഡന്റായിരുന്നു ഹഖ് മുഹമ്മദ്. വെമ്പായം മേഖലയിലെ തേവലക്കാട് യൂണിറ്റ് കമ്മിറ്റി അംഗമായിരുന്നു മിഥിലാജ്. എന്തിനും ഏതിനും നാടിനുവേണ്ടി ഓടിയെത്തുന്ന പ്രിയപ്പെട്ടവർ. കോൺഗ്രസ് ഗുണ്ടാവിളയാട്ടം നിലനിന്ന പ്രദേശങ്ങളിൽ ഡിവൈഎഫ്ഐ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ചവരെ രാഷ്ട്രീയപകപോക്കലിൽ ഇല്ലാതാക്കുകയായിരുന്നു.
ആഗസ്‌ത് 30ന് അർധരാത്രി പതിനൊന്നോടെയാണ് കോൺഗ്രസ് പ്രാദേശിക നേതാക്കളടങ്ങിയ പ്രതികൾ തേമ്പാമൂട് ജങ്‌ഷനിൽ ഹഖിനെയും മിഥിലാജിനെയും കൊലപ്പെടുത്തിയത്. ഈ കേസിൽ ഒമ്പത് പ്രതികൾ അറസ്‌റ്റിലായി. രണ്ട് പേർ ജാമ്യം നേടി. ഏഴ് പേർ ജയിലിലാണ്.
ഡിവൈഎഫ്‌ഐ വെഞ്ഞാറമൂട് തേമ്പാമൂട് കലുങ്കുമുഖം യൂണിറ്റ് പ്രസിഡന്റായിരുന്നു ഹഖ് മുഹമ്മദ്. മിഥിലാജ് വെമ്പായം മേഖലയിലെ തേവലക്കാട് യൂണിറ്റ് അംഗവും. ഇരുവരും അടുത്ത സുഹൃത്തുക്കൾ. രക്തദാനം ഉൾപ്പെടെയുള്ള എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും മുന്നിൽനിന്ന ഇരുവരും കോൺഗ്രസ് ക്രിമിനലുകളുടെ കണ്ണിലെ കരടായിരുന്നു. ഇവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്‌ടരായി പ്രദേശത്തെ നിരവധി യുവാക്കൾ ഡിവൈഎഫ്‌ഐയിൽ എത്തിയത് കോൺഗ്രസ് പ്രാദേശിക നേതാക്കളെ അലോസരപ്പെടുത്തി. ഇതോടെ സ്വന്തം പാർടിയിലെ കൊലപാതക കേസിലെ പ്രതികളടക്കമുള്ള ക്രിമിനലുകളുമായി ഗൂഢാലോചന നടത്തി കോൺഗ്രസ് നേതൃത്വം ആസൂത്രണം ചെയ്‌തതാണ് ക്രൂരമായ കൊലപാതകം.
കേസിൽ സജീവ്, മദപുരം ഉണ്ണി, സനൽ, അൻസർ, സതി, അജിത്, ഷജിത്, നജീബ്, പ്രീജ എന്നിവരാണ് അറസ്‌റ്റിലായത്. ഇതിൽ പ്രതികളെ ഒളിവിൽ പാർപ്പിക്കാൻ സഹായിച്ചതിനാണ് പ്രീജ അറസ്റ്റിലായത്. അതിനിടെ, ഉണ്ണി, സനൽ എന്നിവരെ പിന്നീട് മറ്റൊരു കൊലക്കേസിൽ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. മാണിക്കൽ സ്വദേശി സജീവിനെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.









0 comments