ഭിന്നശേഷിക്കാരനെ ലീഗ് നേതാവിന്റെ മകൻ കാർ ഇടിച്ചുവീഴ്ത്തി, ബന്ധുവിനെ മർദിച്ചു; ദിവസങ്ങൾക്ക് ശേഷം മൊഴിയെടുത്ത് പൊലീസ്

ജാസ്മീറിന്റെ സ്കൂട്ടറിൽ കാർ വന്നിടിക്കുന്നതിന്റെ സിസിടിവി ദൃശ്യത്തിൽനിന്ന് (ഇടത്), അപകടത്തിൽപെട്ട സ്കൂട്ടർ (വലത്)
കൊല്ലം: കൊല്ലം ശൂരനാട് ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിച്ച ഭിന്നശേഷിക്കാരനെ കാർ ഇടിച്ചുവീഴ്ത്തിയതിൽ ദിവസങ്ങൾക്ക് ശേഷം മൊഴിയെടുത്ത് പൊലീസ്. മുസ്ലിം ലീഗ് നേതാവിന്റെ മകനെ രക്ഷിക്കാനുള്ള പൊലീസ് നീക്കം വാർത്തയായതിന് പിന്നാലെയാണ് നടപടി.
ഈ മാസം 23നാണ് സംഭവം. ശൂരനാട് സ്വദേശി ജാസ്മീറാണ് അപകടത്തിൽപെട്ടത്. ജാസ്മീറിന്റെ മുഖത്തും ശരീരത്തിലും പരിക്കേറ്റിരുന്നു. എന്നാൽ കാർ ഓടിച്ച ലീഗ് നേതാവിന്റെ മകൻ നാദിർഷ ജാസ്മീറിന് നേരെ കയർക്കുകയായിരുന്നു. സംഭവം ഓടിയെത്തിയ ജാസ്മീറിന്റെ ബന്ധുവായ റിയാസിനെയും കാറിലുണ്ടായിരുന്നവർ മർദിച്ചു.
പൊലീസിൽ പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ലീഗ് നേതാവിന്റെ മകനായതിനാൽ കേസ് ഒഴിവാക്കാനും ശ്രമിച്ചു. കൂടാതെ കാർ ഓടിച്ച നാദിർഷയുടെ പരാതിയിൽ കേസെടുക്കുകയും ചെയ്തു. ഇത് വാർത്തയാകുകയും വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തതോടെയാണ് ശൂരനാട് പൊലീസ് ഞായറാഴ്ച ജാസ്മീറിന്റെ മൊഴി രേഖപ്പെടുത്തിയത്.









0 comments