print edition അസി. സർജന്‍ നിയമനം: ഉദ്യോഗാർഥികളെ ബലിയാടാക്കി സർക്കാർ; പുതിയ ഉത്തരവും പിഎസ്‌സി ശുപാർശക്രമം പാലിക്കാതെ

സ്വന്തം ലേഖകൻ
Published on Aug 12, 2026, 01:12 AM | 1 min read
തിരുവനന്തപുരം : ആരോഗ്യവകുപ്പ് അസിസ്റ്റന്റ് സർജൻ തസ്തികയിലെ അട്ടിമറി നിയമനം വിവാദമായതോടെ ഇറക്കിയ പുതിയ ഉത്തരവിലും പിഎസ്‌സി ശുപാർശ ക്രമം പാലിക്കാതെ സർക്കാർ. അട്ടിമറി നിയമനം വാർത്തയായതോടെയാണ്, ശുപാർശയിൽ മുന്നിലായിട്ടും തഴയപ്പെട്ടവർക്കുകൂടി ആരോഗ്യ വകുപ്പ് ചൊവ്വാഴ്‌ച നിയമന ഉത്തരവ് കൈമാറിയത്. എന്നാൽ, 264 പേർക്കുകൂടി നിയമനം നൽകിയ ഇൗ ഉത്തരവും പിഎസ്‌സി ശുപാർശക്രമം അനുസരിച്ചല്ല ഇറക്കിയത്. ഇതോടെ, കോൺഗ്രസ് നേതാക്കൾക്കും ഭരണപക്ഷ അനുകൂല സംഘടനകൾക്കും കോഴ ഇടപാടിന് അവസരമൊരുക്കാനുള്ള കളിയിൽ ബലിയാടാകുന്നത് ഉദ്യോഗാർഥികളാണ്.
ആരോഗ്യ വകുപ്പ് ഉത്തരവിലെയും പിഎസ്‍സി നിയമന ശുപാർശയിലെയും വൈരുധ്യം ഭാവിയിൽ നിയമപ്രശ്നങ്ങൾക്ക് വഴിവയ്ക്കും. പിഎസ്‍സി നിയമന ശുപാർശ അനുസരിച്ചാണ് ജീവനക്കാരുടെ സീനിയോരിറ്റി നിശ്ചയിക്കുന്നത്. നിയമന ഉത്തരവും ഈ ക്രമത്തിലാകുമ്പോൾ സാങ്കേതിക തടസമുണ്ടാകാറില്ല. എന്നാൽ, ഇവിടെ പിഎസ്‌സി പട്ടികയിലെ ഒന്നാമനുശേഷം അഞ്ചാമനെയും 130ന് പകരം 392–ാമനെയുമാണ് നിയമിച്ചത്. ഇത് ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാലും പ്രശ്നം വരാം.
ഇഷ്ട സ്ഥലത്ത് നിയമനം ലഭിക്കാൻ ചില യുഡിഎഫ് നേതാക്കൾ രണ്ട് മാസത്തെ ശമ്പളംവരെ കൈക്കൂലിയായി ആവശ്യപ്പെട്ടിട്ടുണ്ട്. ജോലി നഷ്ടമാകുമോയെന്ന ഭയത്താലാണ് ആരും പരാതി നൽകാത്തത്. കോൺഗ്രസ് നേതാക്കൾ നൽകിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നിയമന ഉത്തരവിറക്കിയത്. പിഎസ്‍സി ശുപാർശ തഴഞ്ഞ് പട്ടികയിൽ പിന്നിലുള്ളവർക്ക് നിയമനം നടത്തുന്നത് ചട്ടവിരുദ്ധമാണ്.









0 comments