ad
Deshabhimani

പിഎസ്‌സി നിയമനം അട്ടിമറിക്കാൻ യുഡിഎഫ്; മോട്ടോർ വാഹന വകുപ്പിലും പിൻവാതിൽ

Adalat
avatar
സ്വന്തം ലേഖകൻ

Published on Jun 08, 2026, 01:52 AM | 1 min read


തിരുവനന്തപുരം: പിഎസ്‍സി നിയമനം അട്ടിമറിച്ച് മോട്ടോർ വാഹന വകുപ്പിലും ഇഷ്ടക്കാരെ പിൻവാതിലിലൂടെ കയറ്റാൻ യുഡിഎഫ് സർക്കാർ. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഒഴിവുകൾ പിഎസ്‍സിക്ക് റിപ്പോർട്ട് ചെയ്യാതെ ബൈട്രാൻസ്‌ഫർ പഴുതുപയോഗിച്ച് ക്ലർക്കുമാരായ മിനിസ്റ്റീരിയൽ ജീവനക്കാരെ നിയമിക്കാനാണ് ശ്രമം. കഴിഞ്ഞ മാർച്ചിൽ എൽഡിഎഫ് സർക്കാർ സൃഷ്ടിച്ച 60 തസ്തികകൾ റിപ്പോർട്ട് ചെയ്യാതെയാണ്‌ പിൻവാതിൽ നിയമനത്തിന്‌ നീക്കം.


നിയമനം ലഭിക്കാൻ തുകയടക്കം നിശ്ചയിച്ച്‌ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളുടെ നേതൃത്വത്തിലാണ് ലേലംവിളി. ഡിപ്ലോമ സർട്ടിഫിക്കറ്റ് വാങ്ങിയെടുത്താൽ വകുപ്പുതല പരീക്ഷയോ അഭിമുഖമോ ഇല്ലാതെ ബൈട്രാൻസ്ഫറിൽ നിയമിക്കാമെന്നാണ്‌ വാഗ്‌ദാനം. ചെലവായ തുക ആറ് മാസംകൊണ്ട് കൈക്കൂലിയായി തിരിച്ചുവാങ്ങാമെന്നും പറയുന്നു. നാല് പിഎസ്‍സി നിയമനങ്ങൾ നടക്കുമ്പോൾ ബൈട്രാൻസ്‌ഫറിലൂടെ ഒരാളെ നിയമിക്കാമെന്ന ചട്ടമാണ്‌ അട്ടിമറിക്കുന്നത്‌.


2024ൽ നിലവിൽവന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പിഎസ്‌സി റാങ്ക് പട്ടികയിൽനിന്ന് എൽഡിഎഫ് സർക്കാർ 122 പേരെയാണ് നിയമിച്ചത്. ഈ വർഷത്തെ ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണമെന്ന്‌ അധികാരമൊഴിയുന്നതിന് മുമ്പ് വകുപ്പ് മേധാവിമാർക്ക് നിർദേശവും നൽകിയിരുന്നു. എന്നാൽ, യുഡിഎഫ് അധികാരമേറ്റതിനുപിന്നാലെ പിഎസ് സി നിയമനം നടത്താതെ ബൈട്രാൻസ്‌ഫറിനായി വിജ്ഞാപനം വന്നു.


2008ലെ പ്രത്യേക ചട്ടം പ്രകാരം ബൈട്രാൻസ്ഫർ നിയമനവും പിഎസ്‍സിവഴിയാകണം. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറാകാൻ യോഗ്യതയുള്ള ഒന്നോ രണ്ടോ ഉദ്യോഗസ്ഥർ മാത്രമേ പലപ്പോഴും അപേക്ഷക്കാൻ ഉണ്ടാകാറുള്ളൂ. അപ്പോൾ വകുപ്പ് തലത്തിൽ അഭിമുഖം നടത്തി നിയമിക്കും. എന്നാൽ, ഈ പഴുത് ഉപയോഗിച്ച്‌ ബൈട്രാൻസ്ഫർവഴി പിൻവാതിലിന് ശ്രമിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home