2024ൽ പരീക്ഷ നടത്തുമ്പോൾ ഉണ്ടായിരുന്ന 18,799 ഒഴിവ് 9970 ആക്കി വെട്ടിക്കുറച്ചു
അസിസ്റ്റന്റ് ലോക്കോപൈലറ്റ് തസ്തിക ; ഒഴിവുകൾ പകുതിയാക്കി റെയിൽവേ

സുനീഷ് ജോ
Published on Mar 23, 2025, 02:27 AM | 1 min read
തിരുവനന്തപുരം : അസിസ്റ്റന്റ് ലോക്കോ പൈലറ്റ് തസ്‌തികയിലെ ഒഴിവുകളുടെ എണ്ണം പകുതിയാക്കി റെയിൽവേ ബോർഡ്. 2024ൽ പരീക്ഷ നടത്തുമ്പോൾ ഉണ്ടായിരുന്ന 18,799 ഒഴിവ് 9970 ആക്കിയാണ് വെട്ടിക്കുറച്ചത്. കഴിഞ്ഞ ദിവസം ബോർഡ് അധികൃതർ സോണൽ ജനറൽ മാനേജർമാർക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യമറിയിച്ചത്. പരീക്ഷ എഴുതി റാങ്ക് ലിസ്റ്റ് പ്രതീക്ഷിക്കുന്ന ആയിരക്കണക്കിന് ഉദ്യോഗാർഥികളെ പുതിയ നിർദേശം നിരാശയിലാക്കി.
നിലവിൽ അസി. ലോക്കോ പൈലറ്റുമാരുടെ 21,000ലധികം ഒഴിവുണ്ട്. ഓരോ വർഷവും 3400–-3600 പേർ വിരമിക്കുന്നു. 2024 ലെ കണക്ക് പ്രകാരം ദക്ഷിണ റെയിൽവേയിൽമാത്രം 726 ഒഴിവുകളിൽ നിയമനം നടക്കണമായിരുന്നു. പുതിയ സർക്കുലർ പ്രകാരം ഒഴിവുകളുടെ എണ്ണം 510 ആയി. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിൽമാത്രം ഇരുന്നൂറിലേറെ ഒഴിവുണ്ട്.
വന്ദേഭാരത് ഉൾപ്പെടെ പുതിയ സർവീസുകൾ ആരംഭിച്ചെങ്കിലും ആനുപാതികമായി ലോക്കോ പൈലറ്റുമാരുടെ തസ്‌തികകൾ അനുവദിച്ചിട്ടില്ല. ജോലി സമയം വർധിക്കുന്നതും സുരക്ഷാപ്രശ്‌നവും ചൂണ്ടിക്കാട്ടി ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ പ്രതിഷേധത്തിലുമാണ്.










0 comments