വി എസിനും വാഴൂർ സോമനും പി പി തങ്കച്ചനും നിയമസഭയുടെ സ്‌മരണാഞ്ജലി

ഫയൽ ചിത്രം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ, ഇൗ സഭയിലെ അംഗമായിരുന്ന വാഴൂർ സോമൻ, മുൻ സ്‌പീക്കർ പി പി തങ്കച്ചൻ എന്നിവരുടെ നിര്യാണത്തിൽ അനുശോചിച്ച് നിയമസഭ. സ്‌പീക്കർ എ എൻ ഷംസീർ ചരമോപചാരം അവതരിപ്പിച്ചു. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ‘വി എസ്’ എന്ന രണ്ടക്ഷരം നേരിന്റെയും സഹനത്തിന്റെയും പ്രതീകമാണെന്ന് സ്‌പീക്കർ പറഞ്ഞു. ഭൂരഹിതർക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള പോരാട്ടങ്ങൾ കേരള ചരിത്രത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയായിരിക്കെ നടപ്പാക്കിയ പല പദ്ധതികളും കേരള സമൂഹത്തിൽ ദൂരവ്യാപക മാറ്റങ്ങൾ വരുത്തി. കക്ഷി രാഷ്ട്രീയ ഭേദമന്യേ ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തതായും സ്‌പീക്കർ പറഞ്ഞു.
തൊഴിലാളി വർഗത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിച്ച് പോരാടിയ ജനകീയ നേതാവിനെയാണ് വാഴൂർ സോമന്റെ വേർപാടിലൂടെ നഷ്ടമായത്. സ്പീക്കറായി പ്രവർത്തിച്ച പി പി തങ്കച്ചൻ, സഭയുടെ അന്തസ്സും അച്ചടക്കവും കാത്തുസൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു. സ്പീക്കർ പദവിയിൽ അദ്ദേഹം പുലർത്തിയ നിഷ്പക്ഷ നിലപാടുകൾ പ്രശംസ പിടിച്ചുപറ്റിയതായും എ എൻ ഷംസീർ പറഞ്ഞു.
കേരളം എന്നും ഓർക്കുകയും ഹൃദയത്തിൽ സൂക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമാണ് വി എസ് അച്യുതാനന്ദനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. താൻ പ്രതിനിധാനം ചെയ്‌ത ജനങ്ങളുടെ താൽപ്പര്യം ഉയർത്തിപ്പിടിച്ച നേതാവായിരുന്നു വാഴൂർ സോമൻ. കാപട്യമില്ലാത്ത നേതാവായ പി പി തങ്കച്ചൻ ഗുരുതുല്യനും പിതൃതുല്യനുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
ഇ ചന്ദ്രശേഖരൻ, പി കെ കുഞ്ഞാലിക്കുട്ടി, റോഷി അഗസ്‌റ്റിൻ, മോൻസ് ജോസഫ്, മാത്യു ടി തോമസ്, അനൂപ് ജേക്കബ്, തോമസ് കെ തോമസ്, കെ ബി ഗണേഷ് കുമാർ, രാമചന്ദ്രൻ കടന്നപ്പള്ളി, അഹമ്മദ് ദേവർകോവിൽ, ആന്റണി രാജു, കെ പി മോഹനൻ, കെ കെ രമ, മാണി സി കാപ്പൻ എന്നിവരും സംസാരിച്ചു. ചൊവ്വാഴ്ച രണ്ട് ബില്ലുകളുടെ അവതരണം നടക്കും. കേരള പൊതുവിൽപ്പന നികുതി ഭേദഗതി ബിൽ 2024, കേരള സംഘങ്ങൾ രജിസ്ട്രേഷൻ ബിൽ 2025 എന്നിവയാണ് അവതരിപ്പിക്കുക.









0 comments