print edition ആശ്രാമം ഇഎസ്‌ഐ മെഡിക്കൽ കോളേജ് ; അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് പരിശോധനാസംഘം

കൊല്ലം
ആശ്രാമം ഇഎസ്‌ഐ ആശുപത്രി മെഡിക്കൽ കോളേജാക്കാൻ നാഷണൽ മെഡിക്കൽ കൗൺസിൽ മാനദണ്ഡപ്രകാരമുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും നിലവിലില്ലെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച പരിശോധനാസംഘം. എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നതിന് മുന്നോടിയായി കൊല്ലം ഗവ. മെഡിക്കൽകോളേജിലെ മൂന്നംഗ വിദഗ്ധസംഘം നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. ജനുവരി 19ന് നടന്ന പരിശോധനയുടെ റിപ്പോർട്ട് 20ന് സർക്കാരിന് കൈമാറി. മെഡിക്കൽ കോളേജ് ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ടെന്ന് ഉറപ്പാക്കാനാണ് എസെൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകുന്നത്.
50 എംബിബിഎസ് സീറ്റിൽ പ്രവേശനം നടത്താനാവശ്യമായ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിനായിരുന്നു ആശുപത്രി സൂപ്രണ്ടിന്റെ അപേക്ഷ. ഇതിന് ആവശ്യമുള്ള സൗകര്യങ്ങളാണ് സംഘം പരിശോധിച്ചത്. അപേക്ഷയിൽ പറയും പ്രകാരമുള്ള സ്ഥലത്ത് കോർപറേഷന്റെ സബ് റീജണൽ ഓഫീസ്, ഡിസ്‌പെൻസറി, സ്‌റ്റാഫ് ക്വാർട്ടേഴ്‌സ് എന്നിവ മാത്രമാണുള്ളത്. മാനദണ്ഡപ്രകാരമുള്ള ഫാക്കൽറ്റി, അഡ്‌മിനിസ്‌ടേറ്റീവ് ബ്ലോക്ക്, ക്ലാസ് മുറികൾ, ലബാറട്ടറി സൗകര്യങ്ങൾ തുടങ്ങിയവയില്ല.
വിവിധ വകുപ്പുകൾ ആരംഭിക്കുന്നതിനാവശ്യമായ ക്ലിനിക്കൽ ഉപകരണങ്ങൾ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്‌റ്റൽ, ലൈബ്രറി, സെമിനാർ ഹാൾ, ജിംനേഷ്യം, പൊതുമുറികൾ എന്നിവയുമില്ല.
നാഷണൽ മെഡിക്കൽ കൗൺസിൽ മാനദണ്ഡപ്രകാരമുള്ള അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കി പുനഃക്രമീകരിച്ചാൽ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് അനുവദിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. കൊല്ലം ഗവ. മെഡിക്കൽ കോളേജ് ബയോകെമിസ്‌ട്രി വിഭാഗം മേധാവി ബിന്ദു, അനാട്ടമി വിഭാഗം മേധാവി സൂസൻ വർഗീസ്, ശസ്‌ത്രക്രിയ വിഭാഗം (സിഎപി പ്രൊഫസർ) ഐ പി യാദവ് എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.










0 comments