സർഫിങ്ങിൽ ഇന്ത്യയുടെ ആദ്യ രാജ്യാന്തര മെഡൽ
‘കേരള ഡോൾഫിൻ’ ; കോവളത്തെ കടൽ സമ്മാനിച്ച പ്രതിഭ

എസ് കിരൺബാബു
Published on Aug 11, 2025, 02:58 AM | 1 min read
തിരുവനന്തപുരം
കർണാടകക്കാരുടെ മകനായി ഗോവയിൽ ജനനം. ജീവിതം കേരളത്തിൽ. സർഫിങിൽ ഏഷ്യൻ മെഡൽ നേടിയ രമേഷ് ബുധിഹാൽ എട്ടാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് കോവളത്ത് കടലിൽ ഇറങ്ങിയതാണ്. സ്വപ്‌നസാഫല്യമായി ആദ്യ ഏഷ്യൻ മെഡൽ എത്തുമ്പോൾ ഇരുപത്തിനാലുകാരൻ പറയുന്നു ‘ഇത് വിലമതിക്കാനാവാത്ത നേട്ടമാണ്. അടുത്തവർഷത്തെ ഏഷ്യൻ ഗെയിംസാണ് ലക്ഷ്യം’.
അച്ഛൻ ഹനുമന്തപ്പയും അമ്മ രേണുകയും കർണാടക സ്വദേശികളാണ്. 2001- ൽ ഗോവയിൽ താമസിക്കുമ്പോഴാണ് രമേഷിന്റെ ജനനം. 2003ൽ തിരുവനന്തപുരം ജില്ലയിലെ തീരദേശമായ കോവളത്തേക്ക് വന്നു. അവിടെ കടലോരത്ത് കരകൗശല വസ്തുക്കളുടെ കടയും തുടങ്ങി. പഠിക്കാൻ മോശമായിരുന്നെങ്കിലും കുട്ടിക്കാലത്ത് വിദേശികൾക്കൊപ്പം കൂടി ഇംഗ്ലീഷ് പഠിച്ചു. അഞ്ചാം വയസ്സിൽ കോവളത്തുള്ള സെബാസ്റ്റ്യൻ ഇന്ത്യൻ സോഷ്യൽ പ്രോജക്ട്‌സ് ( എസ്ഐഎസ്‌പി) എന്ന സന്നദ്ധസംഘടനയിലെ പരിശീലകരാണ് സർഫിങിന്റെ ബാലപാഠങ്ങൾ അഭ്യസിപ്പിച്ചത്.
കടലിലെ അപകടം പിടിച്ച കളിയാണെന്ന് പറഞ്ഞ് വീട്ടുകാർ എതിർത്തെങ്കിലും രമേഷ് വഴങ്ങിയില്ല. സാമ്പത്തിക വെല്ലുവിളികൾക്കിടയിൽ പഠനം നിർത്തിയെങ്കിലും സർഫിങ് തുടർന്നു. സർഫ് ബോർഡുകൾക്കും സ്യൂട്ടിനും പണം ആവശ്യമായപ്പോൾ വിദേശികളെയും കുട്ടികളെയും സർഫിങ് പഠിപ്പിച്ച് പണം കണ്ടെത്തി. 2013 ൽ കോവളത്ത് നടന്ന സർഫിങ് മത്സരമായ സ്പൈസ് കോസ്റ്റ് ഓപ്പണിൽ മൂന്നാം സ്ഥാനം നേടിയതോടെയാണ് വീട്ടുകാരും പ്രോത്സാഹിപ്പിച്ച് തുടങ്ങിയത്.
പിന്നീട് സ്‌പോൺസർമാരെ ലഭിച്ചു. എന്നാൽ കോവിഡ് എല്ലാം മാറ്റിമറിച്ചു. യുട്യൂബിൽ സർഫിങ് വീഡിയോ കണ്ടാണ് ലോക്ക്ഡൗൺ കാലം തള്ളിനീക്കിയത്. പിന്നീട് കർണാടകയിലെ ഷാക്ക സർഫ് ക്ലബ്ബിൽ പരിശീലനത്തിന് പോയി. 2017 ൽ മംഗളൂരുവിൽ നടന്ന സർഫിങ് ഇന്ത്യൻ ഓപ്പണിലും 2022ൽ മഹാബലിപുരത്ത് ദേശീയ ചാമ്പ്യൻഷിപ്പിലും ഒന്നാം സ്ഥാനം നേടിയതോടെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല. രണ്ട് വർഷം മുമ്പ് കാൻസർ ബാധിച്ച് അച്ഛൻ മരിച്ചത് തീരാദു:ഖമായി.
സർഫിങ്
ഇതൊരു ജലകായികവിനോദമാണ്. കടൽത്തിരമാലകൾക്കുമീതെ ഒരു ബോർഡ് ഉപയോഗിച്ച് സവാരി ചെയ്‌തുകൊണ്ടുള്ള മത്സരം.








0 comments