ശബരി പാത ; ലോക്‌സഭയിൽ കള്ളംപറഞ്ഞ് റെയിൽവേ മന്ത്രി

സുനീഷ് ജോ
Published on Apr 04, 2025, 12:50 AM | 1 min read
തിരുവനന്തപുരം : അങ്കമാലി ശബരി റെയിൽപ്പാതയുടെ നിർമാണത്തിനുള്ള ത്രികക്ഷി കരാർ സംബന്ധിച്ച് കേരളം നിലപാട് അറിയിച്ചില്ലെന്ന പച്ചക്കള്ളവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ബുധനാഴ്‌ച ലോക്‌സഭയിൽ, കേരളത്തിൽനിന്നുള്ള യുഡിഎഫ് എംപിമാരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി നുണ പറഞ്ഞത്. ത്രികക്ഷി കരാറിൽ താൽപ്പര്യമില്ലെന്നും നിർമാണ ചെലവിന്റെ 50 ശതമാനം വഹിക്കാമെന്നും ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നൽകിയത് മറച്ചുവയ്‌ക്കുകയും ചെയ്തു. കത്ത് നൽകി രണ്ടുമാസം കഴിഞ്ഞിട്ടും കേന്ദ്രമന്ത്രി മറുപടി നൽകിയിട്ടുമില്ല.
പദ്ധതിക്കായി 1905.34 കോടി രൂപ കിഫ്‌ബി വഴി നൽകാമെന്നും തുക സംസ്ഥാന സർക്കാരിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തരുതെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു. കേന്ദ്രപദ്ധതിക്ക് കേരളത്തിനോട് ചെലവിന്റെ പകുതി ആവശ്യപ്പെടുന്നതിലെ അധാർമികത യുഡിഎഫ് അംഗങ്ങൾ ലോക്‌സഭയിൽ ചോദ്യം ചെയ്തതുമില്ല.
1997–- 98-ൽ റെയിൽവേയുടെ പിങ്ക് ബുക്കിൽ ഇടംനേടിയ അങ്കമാലി–- ശബരി പദ്ധതിക്കായി കാലടിവരെ എട്ട് കിലോമീറ്റർ റെയിൽവേ ലൈൻ നിർമിച്ചിരുന്നു. പദ്ധതി നടപ്പാക്കുന്നതിൽ കാലതാമസം വന്നതോടെ തുക 2815 കോടിയിൽനിന്ന് 3810.69 കോടി രൂപയായി. കിഫ്ബി വായ്പ സംസ്ഥാനത്തിന്റെ വായ്പാപരിധിയിൽ ഉൾപ്പെടുത്തില്ലെന്ന ഉപാധിയിൽ പദ്ധതിക്ക് 50 ശതമാനം തുക നൽകാമെന്ന് സംസ്ഥാനം 2024 ആഗസ്ത് 29ന് റെയിൽവേ ബോർഡ് ചെയർമാനെ അറിയിച്ചു. മുഖ്യമന്ത്രി കഴിഞ്ഞ ഒക്ടോബർ 16ന് കേന്ദ്രമന്ത്രിയെ സന്ദർശിച്ച് റെയിൽവേ വികസനം ചർച്ച ചെയ്തിരുന്നു. തുടർന്നാണ് പദ്ധതി നടത്തിപ്പിനായി കേന്ദ്ര മന്ത്രാലയം, സംസ്ഥാന സർക്കാർ, റിസർവ് ബാങ്ക് എന്നിവരുൾപ്പെടുന്ന ത്രികക്ഷി കരാർ കാര്യം കേന്ദ്രമന്ത്രി നിർദേശിച്ചത്. ഇക്കാര്യം മന്ത്രിസഭ ചർച്ച ചെയ്ത് വേണ്ടെന്നുവച്ചു. ഇത് കേന്ദ്രമന്ത്രിയെ അറിയിക്കുകയും ചെയ്തതാണ്.









0 comments