print edition കൂടെയുള്ളവരും പിൻമാറിത്തുടങ്ങി ഗത്യന്തരമില്ലാതെ മടക്കിക്കെട്ടി

ഒ വി സുരേഷ്
Published on Nov 01, 2025, 03:30 AM | 1 min read
തിരുവനന്തപുരം
ആശാവർക്കർമാരുടെ പേരിൽ, ബിജെപി ആസൂത്രണംചെയ്‌ത്, യുഡിഎഫിന്റെ സഹായത്തോടെയുള്ള സെക്രട്ടറിയറ്റിനുമുന്നിലെ എസ്‌യുസിഐ സമരം ഗത്യന്തരമില്ലാതെ അവസാനിപ്പിക്കുന്നു. ഭൂരിപക്ഷം ആശമാരും എതിരായിട്ടും ഏതാനും ആശമാരെ പെരുവഴിയിലാക്കി എട്ടുമാസം നീട്ടിക്കൊണ്ടുപോയ സമരത്തിൽനിന്ന് കൂടെയുള്ളവർതന്നെ പിൻമാറിത്തുടങ്ങിയതോടെയാണ് സ്വാഭാവിക അന്ത്യമാകുന്നത്.
സംസ്ഥാനത്തെ 26,125 ആശമാരിൽ വിരലിലെണ്ണാവുന്നവരാണ് സെക്രട്ടറിയറ്റിനുമുന്നിലുള്ളത്. നേതൃത്വം നൽകുന്നവരാകട്ടെ ആശമാരുമല്ല. കേന്ദ്ര പദ്ധതിക്കു കീഴിലാണ് ആശാ എന്നതിനാൽ കേന്ദ്രസർക്കാരിനെതിരെയായിരുന്നു സമരം നടത്തേണ്ടിയിരുന്നതെങ്കിലും ബിജെപി ആസൂത്രണംചെയ്‌ത് സംസ്ഥാന സർക്കാരിനെതിരാക്കുകയായിരുന്നു. ഭൂരിപക്ഷം ആശമാരെ പ്രതിനിധീകരിക്കുന്ന സിഐടിയു, ഐഎൻടിയുസി, എഐടിയുസി, എസ്‌ടിയു തുടങ്ങിയവ തുടക്കംമുതൽ സമരത്തെ എതിർത്തു. എന്നാൽ, രാഷ്‌ട്രീയനേട്ടം ലക്ഷ്യമിട്ട്, ബിജെപിയും കോൺഗ്രസും എസ്‌യുസിഐയെ പിന്തുണച്ചു.
സംസ്ഥാനം നൽകുന്ന ഓണറേറിയവും കേന്ദ്രസർക്കാരിന്റെ ഇൻസെന്റീവുമാണ് ആശമാർക്കുള്ള വേതനം. യുഡിഎഫ് ഭരണമൊഴിയുമ്പോൾ 1000 രൂപമാത്രമായിരുന്ന ഓണറേറിയം ഏഴായിരമാക്കിയതും ഇപ്പോൾ എട്ടായിരമാക്കിയതും എൽഡിഎഫ് സർക്കാരാണ്. എന്നാൽ ഇൻസെന്റീവ് 18 വർഷമായി കേന്ദ്രം വർധിപ്പിച്ചിട്ടില്ല. യഥാർഥത്തിൽ ഇൻസെന്റീവ് വർധനയാവശ്യപ്പെട്ട് കേന്ദ്രസർക്കാരിനു മുന്നിലായിരുന്നു സമരംചെയ്യേണ്ടിയിരുന്നത്. എന്നാൽ ആസൂത്രണംചെയ്‌തവർ സംസ്ഥാനത്തിനെതിരെയാക്കുകയായിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ ഇതിലും കൂടുതൽ ഓണറേറിയമുണ്ടെന്നും എൽഡിഎഫ് സർക്കാർ വഞ്ചിക്കുകയാണെന്നും കള്ളം പ്രചരിപ്പിച്ചു. എസ്‌യുസിഐ സമരം തുടങ്ങുംമുമ്പുതന്നെ ഇൻസെന്റീവ് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാജോർജ് കേന്ദ്രസർക്കാരിന് കത്തയച്ചിരുന്നു.
സമരക്കാരുമായി മൂന്നുതവണ സർക്കാർ ചർച്ച നടത്തിയെങ്കിലും ആരോഗ്യമന്ത്രിയെ അധിക്ഷേപിക്കാനായിരുന്നു ഉപയോഗപ്പെടുത്തിയത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി അക്രമത്തിനും ശ്രമിച്ചു. കഴിഞ്ഞദിവസം നവകേരളസദസ്സിലെ നിർദേശങ്ങളുടെ കൂടി അടിസ്ഥാനത്തിൽ ആശമാർക്കും ആയിരം രൂപയുടെ ഓണറേറിയം വർധന മുഖ്യമന്ത്രി പ്രഖ്യാപിച്ചപ്പോൾ അതിലും തൃപ്‌തരാകാതിരുന്നവരാണ് സമരവിജയമെന്നു പറഞ്ഞ് പൊടുന്നനെ അവസാനിപ്പിക്കുന്നത്.









0 comments