ആശാവര്‍ക്കര്‍മാര്‍ക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കും: മന്ത്രി വീണാ ജോര്‍ജ്

skin bank
വെബ് ഡെസ്ക്

Published on Feb 19, 2025, 06:05 PM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ആശാവര്‍ക്കര്‍മാര്‍ക്ക് ഉപാധിരഹിത ഓണറേറിയം അനുവദിക്കാന്‍ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശമാരുടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനാ പ്രതിനിധികളുമായി ഫെബ്രുവരി 6ന് നടത്തിയ ചര്‍ച്ചയിലെ പ്രധാന ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്.


ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ആശമാരുടെ സര്‍ക്കുലര്‍ പരിഷ്‌കരിക്കുന്നതിനായി ആരോഗ്യ വകുപ്പിലേയും എന്‍എച്ച്എംലേയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കാനും ഈ കമ്മിറ്റി പഠനം നടത്തി ഉപാധിരഹിത ഓണറേറിയം സംബന്ധിച്ച തീരുമാനത്തിനായി രണ്ടാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുവാനും മന്ത്രി നിര്‍ദേശം നല്‍കിയിരുന്നു.


ഇതിന്റെയടിസ്ഥാനത്തില്‍ ഏഴാം തീയതി സമിതി രൂപീകരിച്ച് ഉത്തരവായിരുന്നു. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ഓണറേറിയത്തിനായുള്ള മുഴുവന്‍ ഉപാധികളും ഒഴിവാക്കാന്‍ തീരുമാനിച്ചത്.


ആശമാര്‍ ഉന്നയിച്ചിരുന്ന മറ്റൊരു ആവശ്യമായ ശൈലി ആപ്ലിക്കേഷനിലെ ഒടിപി സംവിധാനം നിര്‍ത്തലാക്കാന്‍ ഇ ഹെല്‍ത്തിന് നിര്‍ദേശം നല്‍കി. ആശമാര്‍ക്ക് മൂന്ന്‌ മാസത്തെ ഓണറേറിയവും അനുവദിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ഓണറേറിയം വിതരണം ചെയ്യും. ആശമാരുടെ ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനായി ആരോഗ്യ വകുപ്പ് മന്ത്രി കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. അതില്‍ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home