സമരനാടകത്തിന് മറനീക്കി പിന്തുണ
ആശമാർക്ക് ഇനി ഉപാധിരഹിത ഓണറേറിയം ; മന്ത്രി ഒരുമാസംമുമ്പ് പ്രഖ്യാപിച്ചു

തിരുവനന്തപുരം : സംസ്ഥാനത്തെ ആശാവർക്കർമാർക്ക് ഉപാധിരഹിത ഓണറേറിയം അനുവദിച്ചുള്ള ഉത്തരവിനെ എസ്‌യുസിഐ സമരവിജയമാക്കി മാധ്യമങ്ങൾ. എസ്‌യുസിഐയുടെ സെക്രട്ടറിയറ്റ് ഉപരോധ ദിവസം സർക്കാർ ഈ തീരുമാനമെടുക്കാൻ നിർബന്ധിതരായി എന്ന് വരുത്തിതീർക്കാനാണ് കോൺഗ്രസ്, ബിജെപി നേതാക്കൾ ശ്രമിച്ചത്. എന്നാൽ, ഫെബ്രുവരി ആറിന് ആശാ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) പ്രതിനിധികളുമായി എൻഎച്ച്‌എം, ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ ചർച്ചയിലെ പ്രധാന ആവശ്യമാണ് ആരോഗ്യവകുപ്പ് ഇപ്പോൾ നടപ്പാക്കിയത്.

ആശമാർക്ക് ഉപാധിരഹിത ഓണറേറിയം നൽകുമെന്ന് മന്ത്രി വീണാ ജോർജ് ഒരുമാസം മുമ്പ് വ്യക്തമാക്കിയിരുന്നു. തുടർന്നാണ് 12ന് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ആശാമാരുടെ പ്രവർത്തനം സംബന്ധിച്ച വിജ്ഞാപനം പരിഷ്‌കരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്‌ടറേറ്റിലെയും എൻഎച്ച്‌എമ്മിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചിരുന്നു. ഈ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്. ആശാ വർക്കേഴ്‌സ് ഫെഡറേഷൻ (സിഐടിയു) ഡിഎച്ച്‌എസിന് മുന്നിൽ നടത്തിയ അനിശ്ചിതകാല സമരത്തിന്റെ രണ്ടാം ദിവസമായിരുന്നു ചർച്ച. 10 മാനദണ്ഡങ്ങളിൽ അഞ്ചെണ്ണം പൂർത്തീകരിച്ചാലായിരുന്നു 7000 രൂപ ഓണറേറിയം ലഭിച്ചിരുന്നത്. ഈ മാനദണ്ഡങ്ങൾ പൂർണമായും ഒഴിവാക്കിയാണ് പുതിയ തീരുമാനം. ഇനി പ്രാഥമികമായ ജോലി പൂർത്തിയാക്കുന്നവർക്ക് മുഴുവൻ ഓണറേറിയത്തിനും അർഹതയുണ്ടാകും. സംസ്ഥാനത്ത് ആകെ 26,125 ആശമാരാണുള്ളത്.
സമരനാടകത്തിന് മറനീക്കി പിന്തുണ
എസ്‌യുസിഐ, ജമാഅത്തെ ഇസ്ലാമി, എസ്‌ഡിപിഐ നേതൃത്വത്തിൽ ഒരുവിഭാഗം ആശ വർക്കർമാർ തുടങ്ങിയ സമരനാടകത്തിൽ മറനീക്കി ‘മഴവിൽ സഖ്യ’ പിന്തുണ. ഐഎൻടിയുസി തള്ളിപ്പറഞ്ഞിട്ടും സമരത്തിന് പിന്തുണയുമായി കോൺഗ്രസും ആവശ്യങ്ങൾ അംഗീകരിക്കേണ്ടത് കേന്ദ്രമാണെന്ന വസ്തുത മറച്ച് ബിജെപിയും തിങ്കളാഴ്ച സെക്രട്ടറിയറ്റിനുമുന്നിൽ നടത്തിയ സമരത്തിനെത്തി.
സെക്രട്ടറിയറ്റിന്റെ നോർത്ത് ഗേറ്റ് ഉപരോധിക്കാൻ പ്രതിപക്ഷ സംഘടനകൾ നേരിട്ടെത്തി. അനുയായികളെ ബാഡ്‌ജ് നൽകി സമരത്തിന് ഇരുത്തി. വി ഡി സതീശൻ, കെ സുരേന്ദ്രൻ അടക്കമുള്ളവർ ഒറ്റക്കെട്ടായാണ് എസ്‌യുസിഐ സമരത്തെ ഏറ്റെടുത്തത്. ഓണറേറിയം വർധിപ്പിച്ച് നൽകേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് സൂചിപ്പിക്കാൻ പോലും കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. അതേസമയം, കർണാടകയിൽ കോൺഗ്രസ് സർക്കാർ പതിനായിരം രൂപ ഓണറേറിയം നൽകുന്നുവെന്ന കളളം തട്ടിവിടുകയുംചെയ്‌തു. അതിനിടെ 20 മുതൽ അനിശ്‌ചിതകാല നിരാഹാരസമരം നടത്തുമെന്ന് എസ്‌യുസിഐ നേതൃത്വം പ്രഖ്യാപിച്ചു.
സംഘപരിവാർ പ്രവർത്തകരെയടക്കം നിരത്തി ചില ചാനലുകൾ രാപകൽ കൊട്ടിഘോഷിച്ചിട്ടും കാര്യമായ ഒരു ചലനവും സൃഷ്ടിക്കാൻ എസ്‌യുസിഐ സമരത്തിന് കഴിഞ്ഞില്ലെന്നാണ് സെക്രട്ടറിയേറ്റ് ഉപരോധവും തെളിയിച്ചത്. സെക്രട്ടറിയറ്റിന്റെ പ്രവർത്തനത്തേയും സമരം ബാധിച്ചില്ല.









0 comments