തെലങ്കാനയല്ല, മുന്നിൽ കേരളം
ആശമാരുടെ ഓണറേറിയം ; 500 ആണോ 6000 ആണോ വലുത്


അശ്വതി ജയശ്രീ
Published on Feb 28, 2025, 01:26 AM | 1 min read
തിരുവനന്തപുരം : ആശമാർക്കുള്ള ഓണറേറിയം വിഷയത്തിൽ 500 ആണോ 6000 ആണോ വലുത് എന്നാണ് സാമാന്യബോധമുള്ളവർ ചോദിക്കുന്നത്. 500 രൂപ മാത്രം വർധിപ്പിച്ച യുഡിഎഫ് 6000 രൂപ വർധിപ്പിച്ച എൽഡിഎഫിനെതിരെ സമരം നടത്തുന്നത് എന്തിനാണെന്ന് ആർക്കും മനസ്സിലാകുന്നില്ല. 2011 മുതൽ 2016വരെ അധികാരത്തിലിരുന്ന യുഡിഎഫ് സർക്കാർ അഞ്ച് വർഷംകൊണ്ടാണ് വെറും 500രൂപ വർധിപ്പിച്ചത്. അന്ന് ഓണറേറിയത്തിൽ 100രൂപ വർധിപ്പിച്ചു കിട്ടാൻ ആശമാർക്ക് ആരോഗ്യമന്ത്രി വി എസ് ശിവകുമാറിന്റെ ഔദ്യോഗിക വസതി വളയേണ്ടിവന്നു. ഒരു രൂപപോലും കൂലിയില്ലാതെ ആശമാർ ജോലിയെടുത്ത സാഹചര്യം സൃഷ്‌ടിച്ചവരാണ് ഒരു വിഭാഗത്തിന്റെ സമരത്തിന് പിന്തുണ നൽകുന്നത്.
2016ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ അഞ്ചുവർഷംകൊണ്ട് 3500 രൂപയും തുടർഭരണം കിട്ടിയശേഷം 2500 രൂപയും വർധിപ്പിച്ചു. ആകെ 6000. കൃത്യമായി സേവനം നൽകിയാൽ 15,000 രൂപവരെ പ്രതിമാസം ലഭിക്കും. 13,000ന് മുകളിൽ വേതനം വാങ്ങുന്ന ആയിരംപേർ നിലവിലുണ്ട്. ഇൻസെന്റീവിന് മാത്രമായി ഒരു മാസം 10കോടി രൂപയും 26,125 പേരുടെ ഓണറേറിയത്തിന് 18കോടിയുമാണ് നൽകുന്നത്. കേന്ദ്രം നൽകേണ്ട തുക മുടങ്ങിയിട്ടും സംസ്ഥാനം ആശമാരെ കൈവിട്ടിട്ടു മില്ല.
തെലങ്കാനയല്ല, മുന്നിൽ കേരളം
രാജ്യത്ത് ആശമാർക്ക് ഏറ്റവും കൂടുതൽ ഓണറേറിയം നൽകുന്ന (7000 രൂപ) സംസ്ഥാനമാണ് കേരളം. കേരളത്തിന് പിന്നിലാണ് 6750രൂപ നൽകുന്ന തെലങ്കാന. 10,000 രൂപ ആശമാർക്ക് നൽകാമെന്ന തെലങ്കാന മുഖ്യമന്ത്രിയുടെ പ്രസ്താവന ഉയർത്തിക്കാട്ടി ചിലർ നടക്കുന്നുണ്ട്. എന്നാൽ, ഓണറേറിയവും ഇൻസെന്റീവുമടക്കം 10000 രൂപ നൽകാമെന്നാണ് തെലങ്കാന പറയുന്നത്. ഇത് സംസ്ഥാനത്തിന്റെ ഓണറേറിയം മാത്രമാണെന്നാണ് കോൺഗ്രസ് പ്രചരിപ്പിക്കുന്നത്.










0 comments