ആശമാരുടെ ഓണറേറിയം കേന്ദ്രം കൂട്ടില്ല ; അനുകൂല പ്രതികരണമില്ലാതെ ജെ പി നദ്ദ

ന്യൂഡൽഹി : ദേശീയ ആരോഗ്യ ദൗത്യത്തിന്റെ (എൻഎച്ച്എം) ഭാഗമായ ആശ വർക്കർമാർക്ക് കേന്ദ്രം നൽകുന്ന ഓണറേറിയം വർധിപ്പിക്കണമെന്ന കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുടെ ആവശ്യത്തോട് അനുകൂല പ്രതികരണമില്ലാതെ കേന്ദ്രമന്ത്രി ജെ പി നദ്ദ. ചൊവ്വാഴ്‌ച ഡൽഹിയിൽ നദ്ദയുമായി സുരേഷ് ഗോപി 20 മിനിറ്റോളം കൂടിക്കാഴ്‌ച നടത്തിയെങ്കിലും ഓണറേറിയം കൂട്ടാമെന്ന് നദ്ദ ഉറപ്പുനൽകിയില്ല.
ആശമാർക്കായി കേന്ദ്രം 120 കോടി രൂപ അധികമായി നൽകിയിട്ടുണ്ടെന്ന് നദ്ദ പറഞ്ഞതായി കൂടിക്കാഴ്‌ചയ്‌ക്കുശേഷം സുരേഷ് ഗോപി അവകാശപ്പെട്ടു. കേന്ദ്രപദ്ധതിയുടെ ഭാഗമാണെങ്കിലും ആശമാർക്ക് മാസം രണ്ടായിരം രൂപ മാത്രമാണ് കേന്ദ്രസർക്കാർ അനുവദിക്കുന്നത്. 2018ന് ശേഷം ഓണറേറിയം വർധിപ്പിച്ചിട്ടില്ല. ദേശീയതലത്തിൽ ഒട്ടനവധി പ്രക്ഷോഭങ്ങൾ ആശമാർ നടത്തിയിട്ടും കേന്ദ്രം നിലപാട് മാറ്റിയിട്ടില്ല.
ഫീൽഡിലെത്താത്തത് 540 ആശമാർ മാത്രം
എസ്‌യുസിഐയുടെ നേതൃത്വത്തിലുള്ള ആശാസമരം പൊളിയുന്നു. സംസ്ഥാന സർക്കാരിനെതിരെ വ്യാജപ്രചാരണങ്ങളുമായി ആരംഭിച്ച സമരത്തിൽ പങ്കാളികളായവരിൽ ഭൂരിപക്ഷവും വാസ്തവം മനസിലാക്കി തിരികെ ജോലിക്കെത്തി. 26,125 ആശമാരിൽ ചൊവ്വാഴ്ച 540 പേർ മാത്രമാണ് ഫീൽഡിൽ റിപ്പോർട്ട് ചെയ്യാതിരുന്നതെന്നും കൂടുതൽപേർ സമരത്തിൽനിന്ന് പിന്മാറിയെന്നും എൻഎച്ച്എം അധികൃതർ അറിയിച്ചു. 25,585പേരാണ് ചൊവ്വാഴ്ച ജോലിക്കെത്തിയത്.









0 comments