വേടനെതിരെ വിദ്വേഷപ്രസംഗം: കേസരി പത്രാധിപർക്കെതിരെ കേസ്

rapper-vedan
avatar
സ്വന്തം ലേഖകൻ

Published on May 17, 2025, 07:45 AM | 1 min read

കൊല്ലം: മലയാളം റാപ്പ്‌ ഗായകൻ ഹിരൺദാസ്‌ മുരളി എന്ന വേടനെതിരായ വിദ്വേഷപ്രസംഗത്തിൽ ആർഎസ്‌എസ്‌ വാരിക ‘കേസരി’യുടെ മുഖ്യപത്രാധിപർ എൻ ആർ മധുവിനെതിരെ പൊലീസ്‌ കേസെടുത്തു. കലാപത്തിന്‌ ആഹ്വാനം ചെയ്‌തതിന്‌ ഭാരതീയ ന്യായസംഹിത 192 വകുപ്പ്‌ പ്രകാരമാണ്‌ കേസെടുത്തത്‌. സിപിഐ എം കിഴക്കേ കല്ലട ലോക്കൽ സെക്രട്ടറി വേലായുധന്റെ പരാതിയിൽ കിഴക്കേ കല്ലട പൊലീസാണ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌.


പുതിയിടം ക്ഷേത്ര പുനഃപ്രതിഷ്‌ഠാ ചടങ്ങിൽ കഴിഞ്ഞ പതിനൊന്നിനായിരുന്നു എൻ ആർ മധുവിന്റെ വിദ്വേഷ പ്രസംഗം. വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നതാണെന്നും വേടന്‌ പിന്നിൽ രാജ്യത്തെ വിഘടനവാദികളാണെന്നുമാണ്‌ പ്രസംഗത്തിൽ പറഞ്ഞത്‌. അറേബ്യൻ ഫുഡിന്റെ രൂക്ഷഗന്ധം വമിക്കുന്ന തെരുവോരങ്ങൾ കേരളത്തിന്റെ നിലവിലുള്ള കാഴ്‌ചയാണെന്നും ഷവർമ കഴിച്ച്‌ മരിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും എൻ ആർ മധു പറഞ്ഞു. വർഗീയവിഷം വമിപ്പിക്കുന്ന വാക്കുകൾക്കെതിരെ വിവിധ കോണുകളിൽനിന്ന്‌ ശക്തമായ പ്രതിഷേധമാണ്‌ ഉയർന്നത്‌. മുധുവിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ കൊല്ലം ജില്ലാകമ്മിറ്റി കൊല്ലം റൂറൽ എസ്‌പിക്ക്‌ പരാതി നൽകിയിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Home