print edition സർക്കാർ കൈപിടിച്ചു; ശാന്ത സ്വന്തം കാലിൽ നടന്നു


ടി വി സുരേഷ്
Published on Mar 03, 2026, 01:15 AM | 1 min read
മഞ്ചേരി (മലപ്പുറം)
ജീവിതം കിടക്കയിൽ ചലനമറ്റ് ഒതുങ്ങുമെന്ന് നെടുവീർപ്പിട്ട കാലമുണ്ടായിരുന്നു കോട്ടക്കൽ പുതുപറമ്പ് ചുടലപ്പാറയിലെ ശാന്തയ്ക്ക് (54). രണ്ട് കാലും നഷ്ടമായി, തിരിഞ്ഞുകിടക്കാൻപോലും പരസഹായം വേണ്ട നിസ്സഹായത. ഇന്ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന്റെ ഇടനാഴിയിലൂടെ ആരുടേയും സഹായമില്ലാതെ നടക്കുമ്പോൾ ശാന്തയുടെ കണ്ണുകളിൽ സന്തോഷക്കണ്ണീർ. ചുണ്ടിൽ ആത്മവിശ്വാസത്തിന്റെ പുഞ്ചിരി.
കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്നു ശാന്ത. ഇടതുകാലിലെ മുറിവ് ഉണങ്ങാതെ പല സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടി.
ഒടുവിൽ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽനിന്ന് ഇടതുകാൽ മുറിച്ചുമാറ്റി. എന്നിട്ടും ദുരന്തം വഴിമാറിയില്ല. അധികം വൈകാതെ വലതുകാലും മുറിച്ചുമാറ്റേണ്ടിവന്നു. ജീവിതം നാലുചുവരുകൾക്കുള്ളില്‍ ഒതുങ്ങി. കൊച്ചുമക്കളെ ചേർത്തുപിടിക്കാൻ പോലുമാകാത്ത നിസ്സഹായത. ഇതിനിടയിലാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലെ കൃത്രിമ അവയവ നിർമാണ കേന്ദ്രത്തിൽ (ആർട്ടിഫിഷ്യൽ ലിംബ് ഫിറ്റിങ് സെന്റർ) ശാന്ത ചികിത്സ തേടിയത്. നടക്കാനാവുമെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ പ്രഭുദാസും ഫിസിക്കൽ മെഡിസിൻ വിഭാഗം മേധാവി ഡോ. സാദിഖലിയും ഉറപ്പുനൽകി. പ്രോസ്റ്റാറ്റിക് ആൻഡ് ഓർത്തോട്ടിക്സ് വിദഗ്ധരായ പി പി അൻസാരി, മുഹമ്മദ് അബ്ദുൾ റഷീദ് തോട്ടുങ്ങൽ എന്നിവർ കാൽനിർമാണ ദൗത്യം ഏറ്റെടുത്തു. ആശുപത്രിയുടെ ചരിത്രത്തിലാദ്യമായി ഒരു രോഗിക്ക് ഇരു കാലുകളും നിർമിച്ചുനൽകി. സ്വകാര്യ കേന്ദ്രങ്ങളിലെ ലക്ഷങ്ങൾ വിലവരുന്ന ഭാരം കുറഞ്ഞ മോഡുലാർ പ്രോസ്റ്റാസിസ് കാലുകളാണ് സൗജന്യമായി ഘടിപ്പിച്ചത്.
‘ഇപ്പോൾ എന്റെ കൊച്ചുമക്കൾക്കൊപ്പം നടക്കാം. ആരും തുണവേണ്ട. ഇൗ സർക്കാരിന് നന്ദി’ – ശാന്തയുടെ കണ്‌ഠമിടറി. "കാലുകൾ മുറിച്ചുമാറ്റിയശേഷം അമ്മയെ ശുചിമുറിയിലേക്ക് എടുത്തുകൊണ്ടാണ് പോയിരുന്നത്. ഇപ്പോൾ സ്വന്തം കാര്യങ്ങൾ തനിയെ ചെയ്യും’– മകൻ സജീഷ് പറഞ്ഞു. ഒരുവർഷത്തിനിടെ 193 പേർക്കാണ് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് പുതിയ ജീവിതം നൽകിയത്.











0 comments