കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ അറസ്റ്റിൽ

കണ്ണൂർ: കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ വിജിലൻസ് പിടിയിൽ. കണ്ണൂർ തഹസിൽദാർ സുരേഷ് ചന്ദ്ര ബോസിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്‌പി സുരേഷ് ബാബു അറസ്റ്റ് ചെയ്തത്.
പടക്കക്കടയുടെ ലൈസൻസ് പുതുക്കുന്നതിന് തഹസിൽദാർ സുരേഷ് ചന്ദ്ര ബോസ് 3,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. രേഖകളെല്ലാം സമർപ്പിച്ചിട്ടും ലൈസൻസ് പുതുക്കി നൽകാതെ പിടിച്ചുവച്ചു.
3,000 രൂപ ആവശ്യപ്പെട്ടതോടെ അപേക്ഷകൻ വിജിലൻസിനെ സമീപിക്കുകയായിരുന്നു. പണം വീട്ടിലെത്തിക്കാനാണ് തഹസിൽദാർ ആവശ്യപ്പെട്ടത്. വിജിലൻസ് നൽകിയ ഫിനോഫ്‌തലിൻ പുരട്ടിയ പണം കല്യാശേരിയിലെ വീട്ടിൽവച്ച് കൈമാറുന്നതിനിടെയാണ് പിടികൂടിയത്. പടക്ക ലൈസൻസ് പുതുക്കുന്നതിന് തഹസിൽദാർ വ്യാപകമായി കൈക്കൂലി വാങ്ങുന്നതായി വിജിലൻസിന് വിവരം ലഭിച്ചിരുന്നു. നേരത്തേയും ഇയാളെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയിരുന്നു.
വിജിലൻസ് ഇൻസ്പെക്ടർ ഷാജി, എസ്ഐമാരായ ഗിരീഷ്, പ്രവീൺ, രാധാകൃഷ്ണൻ, എഎസ്ഐമാരായ നിജേഷ്, ജയശ്രീ, എസ്‌സിപിഒമാരായ സജിത്ത്, ശ്രീജിത്ത്, ഷിജിത്ത് എന്നിവരാണ് സംഘത്തിലുണ്ടായത്. രാത്രി വൈകിയും വീട്ടിൽ പരിശോധന നടക്കുകയാണ്. കണക്കിൽപ്പെടാത്ത പണം വിജിലൻസ് സംഘം കണ്ടെടുത്തതായാണ് സൂചന.










0 comments