"കൈ ചെറുതായി അനങ്ങുന്നുണ്ടായിരുന്നു, നിസ്സഹായരായി നോക്കിനിൽക്കാനേ സാധിച്ചുള്ളൂ; ജോലിക്കാർ ഓടിപ്പോയി"

അരൂർ: ആലപ്പുഴ അരൂരിൽ ദേശീയപാതയുടെ ഭാഗമായി നിർമാണത്തിലിരുന്ന ആകാശപാതയുടെ ഗർഡർ തകർന്നുവീണ് അപകടമുണ്ടായതിന് പിന്നാലെ ജോലിക്കാർ ഓടിരക്ഷപെട്ടെന്ന് ദൃക്സാക്ഷികൾ. വലിയ ശബ്ദത്തോടെയാണ് ഗർഡർ താഴേക്ക് വീണ് ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് പതിച്ചത്. ചെന്നുനോക്കുമ്പോൾ ഡ്രൈവറുടെ കൈ ചെറുതാനി അനങ്ങുന്നുണ്ടായിരുന്നുവെന്നും, പക്ഷേ ആർക്കും ഒന്നും ചെയ്യാനാകാതെ, നിസ്സഹായരായി നോക്കി നിൽക്കാനേ സാധിച്ചുള്ളൂവെന്നും പ്രദേശവാസികളായ ദൃക്സാക്ഷികൾ മാധ്യമങ്ങളോട് പറഞ്ഞു.
അപകടം നടക്കുമ്പോൾ വാഹനങ്ങൾ നിയന്ത്രിച്ചിരുന്നില്ല. അപകടമുണ്ടായ ഉടൻതന്നെ പൊലീസും ഫയർഫോഴ്സും എത്തി. മൂന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. പൊലീസ് വന്നശേഷമാണ് കരാർ കമ്പനിയുമായിബന്ധപ്പെട്ട് ക്രെയിൻ ഓപറേറ്റർ ഉൾപ്പെടെ വന്നത്. - ദൃക്സാക്ഷികൾ പറഞ്ഞു.
വ്യാഴം പുലർച്ചെ മൂന്നോടെയാണ് അപകടം. ഗർഡർ കയറ്റുന്നതിനിടെ പാലത്തിന് അടിയിലൂടെ ഓടിക്കൊണ്ടിരുന്ന പിക്കപ്പ് വാനിന് മുകളിലേക്ക് വീഴുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറായ ഹരിപ്പാട് പള്ളിപ്പാട് സ്വദേശി രാജേഷാണ് മരിച്ചത്. 8,000 കിലോ ഭാരമുള്ള ഗർഡർ ആണ് പതിച്ചത്. ഒരു ഗർഡർ പൂർണമായി നിലംപതിച്ചു. ഒരെണ്ണം ചരിഞ്ഞ നിലയിലാണ്.
അപകടത്തിൽ ദേശീയപാത അതോറിറ്റിയോട് പൊതുമരാമത്ത് വകുപ്പ് വിശദീകരണം തേടിയിട്ടുണ്ട്. അശോക ബിൽഡേഴ്സാണ് ഈ റീച്ചിന്റെ കരാർ ഏറ്റെടുത്തിരിക്കുന്നത്.









0 comments