കമ്പനിയുടെ കണ്ണുതുറപ്പിക്കാൻ ഇനിയുമെത്ര ജീവൻ?

ആലപ്പുഴ: നാടിനെ നടുക്കിയ ദുരന്തത്തിൽ ഉയരപ്പാത നിർമാണ കമ്പനിയായ അശോക ബിൽഡ്കോൺ പ്രതിക്കൂട്ടിൽ. അഭിമാനമാകേണ്ട പദ്ധതിയെ നിർമാണ അനാസ്ഥമൂലം നാടിന്റെ ശാപമായി മാറ്റിയിരിക്കുകയാണ് കമ്പനി. പണി തുടങ്ങിയശേഷം അനവധി അപകടങ്ങളിലായി സ്ത്രീകളടക്കം 35ലധികം ജീവനുകൾ അരൂർ–തുറവൂർ റൂട്ടിൽ പൊലിഞ്ഞിട്ടും കമ്പനി കൃത്യവിലോപം തുടരുന്നു. ഗർഡർ പോലെ ഭീമാകാരമായ സാമഗ്രികൾ സ്ഥാപിക്കുമ്പോഴും വാഹനങ്ങൾ കടത്തിവിട്ടതാണ് ഒടുവിലത്തെ ദുരന്തത്തിന് വഴിവച്ചത്. ഇത്തരം ദുരന്തം ഇതാദ്യമല്ല. ആഗസ-്‌ത് 17ന് നിർമാണ പ്രവൃത്തിക്കിടയിൽ തുറവൂർ ജങ്ഷനിൽ സീ ബീം ദേശീയപാതയ്‌ക്ക് കുറുകെ നിലംപതിച്ചിരുന്നു. കോൺക്രീറ്റ് ഗർഡറുകൾ താങ്ങിനിർത്തുന്നതിനായി താൽക്കാലികമായി സ്‌ഥാപിച്ച സി ബീമാണ് ക്രെയിൻ ഉപയോഗിച്ച് ഇറക്കുന്നതിനിടെ വടംപൊട്ടി വീണത്. അന്നും നിർമാണത്തിനിടെ വാഹനങ്ങളെ കടത്തിവിട്ടിരുന്നെങ്കിലും തലനാഴിയ-്‌ക്ക് യാത്രികർ രക്ഷപ്പെട്ടു.
ടോൾ പ്ലാസ നിർമിക്കുന്ന പ്രദേശത്താണ് ഇപ്പോഴത്തെ അപകടം. മേഖലയിലെ ഗതാഗത പ്രശ്നം അനുദിനം രൂക്ഷമാകുമ്പോഴും നാമമാത്രമായ സുരക്ഷാക്രമീകരണം മാത്രം നടത്തുന്ന സമീപനമാണ് നിർമാതാക്കളുടേത്. തരിപ്പണമായ സർവീസ് റോഡിലടെപോകുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണംതെറ്റി അപകടത്തിൽപ്പെടുന്ന സംഭവങ്ങളും അനവധിയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ തുടർന്നാണ് സർവീസ് റോഡിന്റെ ചില ഭാഗങ്ങൾ ടാറുചെയ്യാൻ കമ്പനി തയ്യാറായത്. സർവീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കിയ ശേഷം ഉയരപ്പാത നിർമാണം നടത്തണമെന്ന ആവശ്യം അവഗണിക്കപ്പെടുന്നു.









0 comments