print edition ആർലേക്കറുടെ ശുപാർശ നിയമവിരുദ്ധം

തിരുവനന്തപുരം: പിഎസ്‌സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കണമെന്ന് മുൻ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രാഷ്‌ട്രപതിക്ക് ശുപാർശ ചെയ്‌ത നടപടി ഗുരുതര നിയമ പ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഒരു ഏജൻസിയുടെ അന്വേഷണം പൂർത്തിയാകുംമുന്പേ തെളിവോ അന്വേഷണ റിപ്പോർട്ടോ കൈവശമില്ലാതെ ആർലേക്കർ എന്തടിസ്ഥാനത്തിലാണ് ശുപാർശ നൽകിയതെന്ന ചോദ്യം ഉയർന്നുകഴിഞ്ഞു.
ഇക്കാര്യത്തിൽ ബിജെപി– യുഡിഎഫ് ഡീൽ വ്യക്തവുമാണ്. നിലവിലെ അംഗങ്ങളെ പുറത്താക്കുമെന്ന ധാരണയിൽ പുതിയ അഞ്ച് അംഗങ്ങളുടെ പട്ടിക യുഡിഎഫ് തയ്യാറാക്കിയിട്ടുണ്ട്. ഇവ അടുത്തദിവസം മന്ത്രിസഭയുടെ പരിഗണനയ്‌ക്ക് വന്നേക്കും.
ഭരണഘടനാസ്ഥാപനമായ പിഎസ്‌സിക്കെതിരെ ഗുരുതര അഴിമതി ആരോപണം ഉയരുകയും അത് തെളിയിക്കപ്പെടുകയും ചെയ്‌താൽ മാത്രമേ ഗവർണർക്ക് പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് ശുപാർശ ചെയ്യാനാകൂ എന്ന് മുൻ കേരള ഗവർണറും സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റിസുമായ പി സദാശിവം പറയുന്നു. ആരോപണവിധേയർക്ക് വിശദീകരിക്കാൻ അവസരം നൽകണം.
വിശദമായ അന്വേഷണത്തിലൂടെ ആരോപണം തെളിയിക്കുകയും ചെയ്യണം. ശുപാർശയ്ക്ക് രേഖാമൂലം തെളിവും മൊഴിയും വേണം. എന്നാൽ ഇവിടെ ഇതൊന്നുമില്ല. ഗവർണർ അന്വേഷണം നടത്തുകയോ പിഎസ്‌സി ചെയർമാനെയോ അംഗങ്ങളെയോ കേൾക്കുകയോ ചെയ്‌തിട്ടില്ല. പിന്നെ, ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് കേരളം വിടുംമുന്പ് ആർലേക്കർ രാഷ്‌ട്രപതിക്ക് കത്തയച്ചത് എന്ന ചോദ്യം ഉയരുന്നു.
നിലവിൽ ഇതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. അംഗങ്ങളിൽനിന്ന് മൊഴിയെടുത്തു. ചെയർമാന്റെ മൊഴിയും എടുക്കും. അന്വേഷണം പൂർത്തിയാകാൻ സമയമെടുക്കും. നിലവിൽ അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എഡിജിപിയോ അന്വേഷണ ചുമതലയുള്ള ഐജി അജിതാ ബീഗമോ ഗവർണർക്ക് ഒരു റിപ്പോർട്ടും നൽകിയിട്ടില്ല.
ഒരു ഏജൻസിയുടെ അന്വേഷണം നടക്കുന്ന വിഷയത്തിൽ ഗവർണർ തീർപ്പുകൽപ്പിച്ച് നിലപാട് സ്വീകരിക്കുന്നത് തീർത്തും തെറ്റാണ്. മന്ത്രിസഭയ്‌ക്ക് വിധേയമായി പ്രവർത്തിക്കേണ്ട ഗവർണർ സർക്കാരിനെപ്പോലും അറിയിക്കാതെ പിഎസ്‌സിക്കെതിരെ രാഷ്‌ട്രപതിക്ക് ശുപാർശ നൽകിയിട്ടും മുഖ്യമന്ത്രിയും മന്ത്രിമാരും പാലിക്കുന്ന മൗനം ദുരൂഹമാണ്. ഇതിൽ സർക്കാരിന് പങ്കുണ്ട് എന്ന ആരോപണം ബലപ്പെടുത്തുന്നതാണ് ഇൗ മൗനം.









0 comments