'അച്ഛനെ വെടിവെച്ച ഭീകരൻ തന്റെ നേരെയും തോക്ക് ചൂണ്ടി, വെടിയുതിർക്കാതിരുന്നത് കുട്ടികളുടെ നിലവിളി കേട്ട്'

ആരതി രാമചന്ദ്രൻ മാധ്യമങ്ങളോടു സംസാരിക്കുന്നു, കൊല്ലപ്പെട്ട രാമചന്ദ്രൻ
കൊച്ചി: 'അച്ഛനെ വെടിവെച്ച ഭീകരൻ തന്റെ നേരെയും തോക്ക് ചൂണ്ടി, വെടിയുതിർക്കാതിരുന്നത് കുട്ടികളുടെ നിലവിളി കേട്ട്'- പഹൽഗാമിൽ കടന്നുപോയ ദുരന്തം പങ്കുവെക്കുമ്പോൾ ആരതിയുടെ നടുക്കം മാറിയിട്ടില്ല.
'ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയാണ് ബൈസരണിലെ പുൽമേട്ടിലെത്തിയത്. പത്ത് മിനിറ്റിനുള്ളിൽ തന്നെ ആക്രമണം നടന്നു. അക്രമി സൈനിക വേഷത്തിൽ ആയിരുന്നില്ല. അകലെ നിന്ന് വെടിയൊച്ച കേൾക്കുകയും ദൂരെ ഒരാൾ മുകളിലേക്ക് വെടി വെക്കുന്നത് കാണുകയും ചെയ്‌തപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഒരാൾ പിടിച്ചു നിർത്തി. ഓരോ ടൂറിസ്റ്റ് സംഘത്തിന്റെയും അടുത്ത് ചെന്ന് എന്തോ ചോദിച്ചിട്ടാണ് വെടിവെച്ചത്. ‘കലിമ’ എന്ന വാക്ക് രണ്ട് പ്രാവശ്യം അയാൾ പറഞ്ഞു. അത് രണ്ടു പ്രാവശ്യമേ ചോദിച്ചുള്ളൂ. അറിയില്ലെന്ന് പറഞ്ഞപ്പോൾ അച്ഛനെ വെടിവെച്ചു. എന്റെ തലയിലേക്ക് തോക്ക് ചൂണ്ടിയപ്പോൾ കുട്ടികൾ കരഞ്ഞു. ഇതോടെ അയാൾ തോക്കുമായി നടന്നുപോയി. പിന്നെ മക്കളെയും കൊണ്ട് കാട്ടിലൂടെ താഴേക്ക് ഇറങ്ങി ഓടുകയായിരുന്നു'- ആരതി പറഞ്ഞു.
അര മണിക്കൂറോളം ഓടിയതിന് ശേഷമാണ് ഫോണിൽ റേഞ്ച് കിട്ടിയത്. അപ്പോൾ ഡ്രൈവറെ വിളിച്ചു. ഇതിനു ശേഷം പത്ത് മിനിറ്റ് കഴിഞ്ഞപ്പോഴേക്ക് പട്ടാളക്കാരുമെത്തി. പ്രദേശവാസികളിൽ നിന്ന് നല്ല സഹകരണം ലഭിച്ചു. സൗജന്യമായി താമസിക്കാൻ ഇടം തന്നു. സഹോദരങ്ങളെപ്പോലെയാണ് അവിടെ സഹായിച്ച രണ്ടു ഡ്രൈവർമാരും പെരുമാറിയതെന്നും ആരതി വ്യക്തമാക്കി.









0 comments