ഭിന്നശേഷി നിയമനം: പരാതിപരിഹാര അദാലത്ത് നവംബറില്‍

V Sivankutty
വെബ് ഡെസ്ക്

Published on Sep 09, 2025, 12:39 AM | 1 min read

തിരുവനന്തപുരം : സ്കൂളുകളിലെ ഭിന്നശേഷി നിയമനം, ഭിന്നശേഷി സംവരണം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ നവംബര്‍ പത്തിനകം സംസ്ഥാന അദാലത്ത് സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഭിന്നശേഷി നിയമനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ജില്ലാതല സമിതികൾ രൂപീകരിച്ചിട്ടുണ്ട്. ഈ സമിതികൾ പരിശോധിച്ചശേഷവും നിലനിൽക്കുന്ന പരാതികൾ അദാലത്തില്‍ പരിഗണിക്കും.


അപേക്ഷകൾ ഒക്ടോബർ 30-നകം സംസ്ഥാനതല സമിതിയുടെ കൺവീനറായ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം, സ്വഭാവ വ്യതിയാനം എന്നിവ കണ്ടെത്തി പ്രാഥമിക കൗൺസലിങ്‌ നൽകാൻ അധ്യാപകരെ സജ്ജരാക്കാനുള്ള ‘ലഹരിവിരുദ്ധ അസംബ്ലി' എന്ന പദ്ധതിക്കുകീഴിൽ അധ്യാപകർക്ക് പരിശീലനം നൽകും. ആദ്യഘട്ടത്തിൽ 120 അധ്യാപകർക്ക് മാസ്റ്റർ ട്രെയിനർമാരായി പരിശീലനം നൽകിയിരുന്നു.

രണ്ടാമത്തെ ബാച്ചിൽ 80 പേർക്ക് ഈ മാസം 15, 16, 17 തീയതികളിൽ തിരുവനന്തപുരത്ത് പരിശീലനം നൽകും. മാസ്റ്റർ ട്രെയിനർമാർവഴി ഡിസംബർ 31-നകം 80,000 അധ്യാപകർക്ക് പരിശീലനം പൂർത്തിയാക്കാനാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എന്‍ എസ് കെ ഉമേഷ്, എസ്--സിഇആര്‍ടി ഡയറക്ടര്‍ ആര്‍ കെ ജയപ്രകാശ്, എസ്എസ്‌കെ സംസ്ഥാന പ്രോജക്ട് ഡയറക്ടര്‍ എ ആര്‍ സുപ്രിയ, വിദ്യാഭ്യാസവകുപ്പ് അഡീഷണല്‍‍ ഡയറക്ടര്‍‌ ആര്‍ എസ് ഷിബു എന്നിവര്‍ സംസാരിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Home