അസി. ലോക്കോപൈലറ്റ്‌ നിയമനം വൈകിക്കുന്നു

റെയിൽവേയിൽ ഉദ്യോഗാർഥികൾക്ക്‌ ‘വെയ്‌റ്റിങ്‌ ലിസ്റ്റ്‌’

loco pilot
avatar
സുനീഷ്‌ ജോ

Published on Jul 18, 2025, 08:56 AM | 1 min read

തിരുവനന്തപുരം: ഒഴിവുകൾ കൂടി വരുമ്പോഴും അസിസ്റ്റന്റ്‌ ലോക്കോ പൈലറ്റുമാരുടെ നിയമനം റെയിൽവേ നീട്ടിക്കൊണ്ടുപോകുന്നു. 2024ൽ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ വിജ്ഞാപനം ചെയ്‌ത അസി. ലോക്കോ പൈലറ്റുമാരുടെ നിയമനം പൂർത്തിയാക്കാൻ 2027 ആകും. അതിനിടെ പുതുതായി 8000 ലോക്കോ പൈലറ്റുമാരുടെയെങ്കിലും ഒഴിവുകളുണ്ടാകുമെന്നാണ്‌ റിപ്പോർട്ട്‌. 18,779 തസ്‌തികയിലേക്കാണ്‌ നിയമനം നടത്തേണ്ടത്‌.


എന്നാൽ, നിയമനം കേന്ദ്രസർക്കാർ നീട്ടിക്കൊണ്ടുപോകുകയാണ്‌. കഴിഞ്ഞ 14, 15 തീയതികളിലാണ്‌ ആപ്‌റ്റിറ്റ്യൂട്ട്‌ ടെസ്റ്റ്‌ പൂർത്തിയായത്‌. ഇനി മെഡിക്കൽ ടെസ്റ്റ്‌കൂടി നടത്താനുണ്ട്‌. അതുകഴിഞ്ഞശേഷമാകും നിയമനം. സോണൽ അടിസ്ഥാനത്തിൽ 150 പേർക്കുള്ള പരിശീലനം നൽകാനാണ്‌ റെയിൽവേ ബോർഡ്‌ നിർദേശം. ഒമ്പത്‌ സോണലിലാണ്‌ പ്രധാന ട്രെയിനിങ്‌ സെന്റർ പ്രവർത്തിക്കുന്നത്‌. 11 ഇലക്‌ട്രിക്കൽ ട്രെയിനിങ്‌ സെന്ററുമുണ്ട്‌. ഇതിൽ എല്ലാ കേന്ദ്രങ്ങളിലും പരിശീലനം നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.


കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ രണ്ട്‌ പരിശീലന കേന്ദ്രമുണ്ടെങ്കിലും നിയമപഠനത്തിനുള്ള സൗകര്യം തിരുച്ചിറപ്പള്ളിയിൽ മാത്രമാണുള്ളത്‌. രണ്ടുമാസമാണ്‌ പരിശീലനം. ആദ്യഘട്ടത്തിൽ കേന്ദ്രസർക്കാർ 5676 തസ്‌തികയിലേക്കാണ്‌ വിജ്ഞാപനമിറക്കിയത്‌. തുടർന്ന്‌ ലോക്കോ റണ്ണിങ്‌ സ്‌റ്റാഫ്‌ അസോസിയേഷൻ പ്രക്ഷോഭം നടത്തിയശേഷമാണ്‌ അത്‌ 18,779 ആക്കിയത്‌. ഇതിൽ ദക്ഷിണ റെയിൽവേയിലേക്ക്‌ 726 പേർക്ക്‌ നിയമനം ലഭിക്കും. എന്നാൽ 2025ൽ വിജ്ഞാപനം ചെയ്‌ത 9970 ഒഴിവിലേക്ക്‌ ഇതുവരെ പരീക്ഷ നടത്താനുള്ള നടപടി തുടങ്ങിയിട്ടില്ല. രണ്ട്‌ വിജ്ഞാപനത്തിലായി 28,749 നിയമനമാണ്‌ നടക്കേണ്ടത്‌. ലോക്കോ പൈലറ്റുമാരില്ലാത്ത പ്രശ്‌നം റെയിൽവേയിൽ രൂക്ഷമാണ്‌.


assistant loco pilot appointment delay





deshabhimani section

Related News

View More
0 comments
Sort by

Home