ad
Deshabhimani

print edition നിയമനക്കോഴക്കേസ്‌: ഐ സി ബാലകൃഷ്‌ണൻ ഒന്നാംപ്രതി

ic balakrishnan
വെബ് ഡെസ്ക്

Published on Oct 19, 2025, 01:30 PM | 1 min read

കൽപ്പറ്റ: വയനാട്‌ ഡിസിസി ട്രഷറർ എൻ എം വിജയനും മകനും ജീവനൊടുക്കാൻ കാരണമായ കോൺഗ്രസ്‌ നിയമനക്കോഴയിൽ ഐ സി ബാലകൃഷ്‌ണൻ എംഎൽഎയെ ഒന്നാം പ്രതിയാക്കി വിജിലൻസ്‌ കേസെടുത്തു. പ്രാഥമിക അന്വേഷണത്തിൽ എംഎൽഎക്കെതിരെ ശക്തമായ തെളിവ് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ്‌ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്‌. കൂടുതൽപേർ പ്രതികളായേക്കും.


വിജയനെ ഇടനിലക്കാരനാക്കി കോഴ വാങ്ങിയതിന്റെ തെളിവുകൾ വിജിലൻസിന്‌ ലഭിച്ചു. വിവിധ രേഖകൾ, മൊഴികൾ എന്നിവയുൾപ്പെടെയുള്ള അന്വേഷണ റിപ്പോർട്ട് വിജിലൻസ്‌ ഡയറക്‌ടർക്ക്‌ നൽകി. ഇത്‌ പരിശോധിച്ചാണ്‌ എഫ്‌ഐആർ രജിസ്റ്റർചെയ്‌ത്‌ അന്വേഷിക്കാൻ അനുമതി നൽകിയത്‌.


ബാലകൃഷ്‌ണൻ ഡിസിസി പ്രസിഡന്റായിരിക്കെ കോൺഗ്രസ്‌ ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നിയമനം വാഗ്‌ദാനം ചെയ്‌താണ്‌ നേതാക്കൾ പണം തട്ടിയത്‌. ഒടുവിൽ ബാധ്യത വിജയന്റെമാത്രം ചുമലിലായതോടെ മകനൊപ്പം 2024 ഡിസംബർ 27ന്‌ ജീവനൊടുക്കി. ബാലകൃഷ്‌ണനും എൻ ഡി അപ്പച്ചനും ഉൾപ്പെടെയുള്ളവർക്കെതിരെ കത്തെഴുതിവച്ചായിരുന്നു ആത്മഹത്യ.


വിജയന്റെ മൂത്തമകൻ വിജേഷ്‌ ഉൾപ്പെടെയുള്ളവർ എംഎൽഎക്കെതിരെ വിജിലൻസിന്‌ മൊഴി നൽകി. ബാലകൃഷ്‌ണന്റെയും അപ്പച്ചന്റെയും മറ്റ്‌ 17 പേരുടെയും മൊഴിയെടുത്തിട്ടുണ്ട്‌. നിയമനക്കോഴയിൽ എംഎൽഎയുടെ ഓഫീസ്‌ ജീവനക്കാരൻ വഴി 15 ലക്ഷം രൂപ വാങ്ങിയെന്നും പരാതിയുണ്ടായി. ബാങ്ക്‌ നിയമനത്തിന്‌ എംഎൽഎ നൽകിയ ശുപാർശക്കത്ത്‌ പുറത്തുവന്നു. ബത്തേരി അർബൻ ബാങ്കിൽ അനധികൃത നിയമനത്തിന്‌ 17 പേരുടെ പട്ടിക ബാലകൃഷ്‌ണൻ നൽകിയിരുന്നതായി ബാങ്ക്‌ ചെയർമാൻ ഡോ. സണ്ണി ജോർജ്‌ വെളിപ്പെടുത്തി.


ആത്മഹത്യാ പ്രേരണക്കേസിലും ബാലകൃഷ്‌ണൻ ഒന്നാം പ്രതിയാണ്‌. വിജിലൻസ്‌ കേസിൽ പ്രതിയായ ബാലകൃഷ്‌ണൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടു. രാജിവയ്‌ക്കില്ലെന്നും അന്വേഷണം നിയമപരമായി നേരിടുമെന്നും ബാലകൃഷ്‌ണൻ മാധ്യമങ്ങളോട്‌ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home