സിപിഐ എം നേതാവ് വരുമെന്ന് അൻവർ; ഇളിഭ്യരായി മാധ്യമങ്ങൾ

കോട്ടയം: വാർത്താസമ്മേളനത്തിന് "ഹൈപ്പ്' കൊടുക്കാൻ അടവിറക്കി പി വി അൻവർ. കോട്ടയത്ത് ബുധനാഴ്‌ച അൻവർ വാർത്താസമ്മേളനം വിളിച്ചിരുന്നു. പ്രമുഖ സിപിഐ എം നേതാവ് തൃണമൂലിലേക്ക് വരുമെന്നും അതിന്റെ പ്രഖ്യാപനമാണ് കോട്ടയത്ത് നടക്കാൻ പോകുന്നതെന്നുമായിരുന്നു പ്രചാരണം. ഇത്തരത്തിലുള്ള സൂചനയും നേരത്തേ അൻവർ നൽകിയിരുന്നു. ഇതേറ്റുപിടിച്ച ചാനലുകൾ വാർത്തയും നൽകി. സിപിഐ എം നേതാവ് അൻവറിനൊപ്പം ചേരാൻ പോകുന്നതായി ചില ചാനലുകൾ ഓൺലൈനിലടക്കം വാർത്ത നൽകി.
വാർത്ത വിശ്വസിച്ച് വാർത്താസമ്മേളനത്തിലെത്തിയ മാധ്യമങ്ങൾ ഇളിഭ്യരായി. കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിലായിരുന്നു അൻവറിനൊപ്പം ചേർന്നത്. മഞ്ചേരിയിൽ ചേർന്ന സമ്മേളനം മുതൽ സിപിഐ എം പ്രവർത്തകർ തന്നോടൊപ്പം ചേരുന്നുണ്ടെന്ന് വരുത്തിത്തീർക്കാൻ അൻവർ വൃഥാ ശ്രമം നടത്തുന്നുണ്ട്. ഇതിന്റെ ബാക്കിയായിരുന്നു കോട്ടയത്തും നടന്നത്. സിപിഐ എം നേതാവ് വരുമെന്നുള്ള കള്ളപ്രചാരണത്തെക്കുറിച്ച് മാധ്യമങ്ങൾ ചോദിച്ചപ്പോൾ, താനങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു പ്രതികരണം. ഇതിനിടെ ചുങ്കത്തറയിൽ നടത്തിയ കൊലവിളി അൻവർ ആവർത്തിക്കുകയും ചെയ്‌തു. സിപിഐ എം പ്രവർത്തകരുടെ തല തല്ലിപ്പൊളിക്കുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെതന്നെ ചെയ്യുമെന്ന് അൻവർ പറഞ്ഞു.









0 comments