സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയിലേക്ക് സുപ്രധാന ചുവടുവയ്പ്പ്: ജില്ലാതല പ്രവർത്തന റിപ്പോർട്ട് പുറത്തിറക്കി

തിരുവനന്തപുരം: ലോക ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് അവബോധ വാരാചരണത്തിന്റെ ഭാഗമായി ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനായി സംസ്ഥാന വ്യാപകമായി നടത്തിയ പ്രവർത്തനങ്ങളുടെ ജില്ലാതല റിപ്പോർട്ട് (ഡബ്ല്യൂഎഎഡബ്ല്യു 2024) ആരോഗ്യ മന്ത്രി വീണാ ജോർജ് പുറത്തിറക്കി. 395 തദ്ദേശ സ്ഥാപനങ്ങളും 734 ആശുപത്രികളും ചേർന്ന് 2,852 വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
437 സർക്കാർ ആശുപത്രികൾ സ്ഥാപനതല പരിപാടികൾ സംഘടിപ്പിച്ചു. കൂടാതെ 404 സ്വകാര്യ ആശുപത്രികൾ പങ്കാളികളായി. ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ വഴി 5,710 പരിപാടികൾ സംഘടിപ്പിച്ചു. 2,238 വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 21,465 വോളന്റിയർമാർ 3.27 ലക്ഷം വീടുകൾ സന്ദർശിച്ചു. 1,530 സ്വകാര്യ ഫാർമസികൾ അവബോധത്തിൽ പങ്കാളികളായി. അര ലക്ഷത്തിലധികം അവബോധ പോസ്റ്ററുകളും 316 വീഡിയോകളും പുറത്തിറക്കി. ഇതിലൂടെ രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയാണ് ലക്ഷ്യമിടുന്നത്. ഡിസംബറോടെ കേരളത്തിലെ എല്ലാ ആശുപത്രികളിലും എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആന്റിബയോട്ടിക് അവബോധ പ്രവർത്തനങ്ങൾ നടത്തുകയും കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക് നൽകില്ല എന്ന് ഉറപ്പ് വരുത്തുകയും ചെയ്ത് സമ്പൂർണ ആന്റിബയോട്ടിക് സാക്ഷരതയാണ് കേരളം ലക്ഷ്യമിടുന്നത്.
ആന്റിബയോട്ടിക് സാക്ഷര കേരള ക്യാമ്പയിന് കീഴിൽ വിഭാവനം ചെയ്യുന്ന ലക്ഷ്യങ്ങൾ
1. ആന്റിബയോട്ടിക് രഹിത ഭക്ഷണവും വെള്ളവും ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാർവത്രിക അവബോധം.
2. ഡോക്ടറുടെ നിർദേശാനുസരണം മാത്രം ആന്റിബയോട്ടിക്കുകൾ കഴിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാർവത്രിക അവബോധം.
3. ഉപയോഗിക്കാത്തതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ സുരക്ഷിതമായി നീക്കം ചെയ്യേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള സാർവത്രിക അവബോധം. ഇതിനായി ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച എൻ പ്രൗഡ് സംസ്ഥാന വ്യാപകമാക്കും.
4. എഎംആർ ഉയർത്തുന്ന ഭീഷണിയെക്കുറിച്ച് സ്‌കൂൾ വിദ്യാർഥികൾക്കി ടയിൽ അവബോധമുണ്ടാക്കുക.
ആന്റിബയോട്ടിക് റെസിസ്റ്റൻസ് കുറയ്ക്കാനായി പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1. മിക്ക അണുബാധകളും വൈറസുകൾ മൂലമാണ് ഉണ്ടാകുന്നത്. അതിനാൽ, ഇവയ്‌ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഫലപ്രദമല്ല.
2. ഡോക്ടർ നിർദേശിക്കുമ്പോൾ മാത്രം ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുക. ഒരിക്കലും ആന്റിബയോട്ടിക്കുകൾ ആവശ്യപ്പെടുകയോ ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ വാങ്ങി കഴിക്കുകയോ ചെയ്യരുത്.
3. ഒരിക്കൽ നിർദേശിച്ച ആന്റിബയോട്ടിക്കുകൾ കുറിപ്പടി ഉപയോഗിച്ച് മറ്റൊരുവസരത്തിൽ വീണ്ടും വാങ്ങി കഴിക്കരുത്. ആന്റിബയോട്ടിക്കുകൾ മറ്റുള്ളവരുമായി പങ്കുവയ്ക്കരുത്.
4. അസുഖം ഭേദമായി എന്നു തോന്നിയാലും ഡോക്ടർ നിർദേശിച്ച കാലയളവിലേക്ക് ആന്റിബയോട്ടിക്കുകൾ നിർബന്ധമായും കഴിക്കേണ്ടതാണ്.
5. ചികിത്സ കഴിഞ്ഞ് ശേഷിക്കുന്ന ആന്റിബയോട്ടിക്കുകൾ ഒരിക്കലും ഉപയോഗിക്കരുത്. ശേഷിക്കുന്നതോ കാലഹരണപ്പെട്ടതോ ആയ ആന്റിബയോട്ടിക്കുകൾ കരയിലേക്കോ ജലാശയങ്ങളിലേക്കോ വലി ച്ചെറിയരുത്.
6. എഎംആർ തടയാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം രോഗം വരാതെ നോക്കുക എന്നതാണ്. അണുബാധ തടയുന്നതിന് പതിവായി കൈ കഴുകുകയും രോഗികളുമായുള്ള സമ്പർക്കം ഒഴിവാക്കുകയും പ്രതിരോധ കുത്തിവെയ്പ്പുകൾ കാലാനുസൃതമായി എടുക്കുകയും ചെയ്യുക.
7. ആന്റിബയോട്ടിക്കുകൾക്ക് ജീവൻ രക്ഷിക്കാൻ കഴിയും. എന്നാൽ അനാവശ്യമായ ആന്റിബയോട്ടിക്ക് ഉപയോഗം ആന്റിബയോട്ടിക് പ്രതിരോധത്തിൽ കലാശിക്കും.









0 comments