യൂട്യൂബിലൂടെ മതവിദ്വേഷം ; തെഹൽക മുൻ മാനേജിങ് എഡിറ്റർ മാത്യു സാമുവലിന് മുൻകൂർജാമ്യം

കൊച്ചി : യൂട്യൂബ് ചാനൽവഴി മതവിദ്വേഷം പരത്തിയെന്ന കേസിൽ മാധ്യമപ്രവർത്തകനും തെഹൽക മാഗസിൻ മുൻ മാനേജിങ് എഡിറ്ററുമായ ആലുവ സ്വദേശി മാത്യു സാമുവലിന് ഹെെക്കോടതി മുൻകൂർജാമ്യം അനുവദിച്ചു.
ഹർജിക്കാരന്റെ പ്രവർത്തനം ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ജി ഗിരീഷ് നിരീക്ഷിച്ചു. അന്വേഷണവുമായി സഹകരിക്കുമെങ്കിൽ ജയിലിലേക്ക് വിടേണ്ടതില്ലെന്ന് വിലയിരുത്തിയാണ് ജാമ്യം അനുവദിച്ചത്. 23ന് രാവിലെ അന്വേഷണ ഉദ്യോഗസ്ഥനുമുന്നിൽ ഹാജരാകണം. ഇത്തരം പരാമർശങ്ങൾ ആവർത്തിക്കരുതെന്നും മാത്യു സാമുവലിനോട് കോടതി നിർദേശിച്ചു.
‘മാത്യു സാമുവൽ ഒഫീഷ്യൽ' എന്ന യൂട്യൂബ് ചാനലിലൂടെ ഈരാറ്റുപേട്ടയെ മിനി താലിബാൻ എന്ന് വിശേഷിപ്പിച്ചതാണ് കേസിനാധാരം. ഇവിടത്തെ ഭൂരിഭാഗം ആളുകളും ഇസ്ലാമിക ഭീകരതയെ പിന്തുണയ്‌ക്കുന്നവരാണെന്നും ആരോപിച്ചിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐയും യൂത്ത് ലീഗുമടക്കം നൽകിയ പരാതികളിൽ ഈരാറ്റുപേട്ട പൊലീസാണ് മാത്യുവിനെതിരെ കേസെടുത്തത്.
ചോദ്യംചെയ്യലിനുശേഷം അറസ്റ്റ് രേഖപ്പെടുത്തിയാൽ 50,000 രൂപയുടെ സ്വന്തം ബോണ്ടിലും തത്തുല്യമായ രണ്ട് ആൾജാമ്യത്തിലും വിട്ടയക്കണമെന്നും കോടതി നിർദേശിച്ചു.









0 comments