print edition ആരോഗ്യം അടിമുടി ദുരൂഹം; വീണ്ടും നിയമന വിവാദം

സ്വന്തം ലേഖിക
Published on Jul 06, 2026, 12:01 AM | 1 min read
തിരുവനന്തപുരം: ആരോഗ്യ വകുപ്പിൽ വീണ്ടും ദുരൂഹ നിയമനം. നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ (ഹോമിയോപതി) തസ്തികയിൽ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിച്ചയാളെയാണ് നാലു ദിവസത്തിനുള്ളിൽ മാറ്റി പുതിയ ആളെ നിയമിച്ചത്. സ്റ്റേറ്റ് പ്രോഗ്രാം മാനേജരാക്കി ജൂൺ 26ന് നിയമിച്ച ആർ രജികുമാറിനെ നാലുദിവസത്തിനുള്ളിൽ മാറ്റി ഡോ. എസ് കെ അനിലിന് പകരം ചുമതല നൽകി 30ന് ഉത്തരവിറക്കി. 27ന് മന്ത്രി കെ മുരളീധരൻ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമനമെന്നാണ് വിശദീകരണം. കാരണം വ്യക്തമാക്കിയിട്ടില്ല.
ആർ രജികുമാർ മുമ്പ് പി കെ ശ്രീമതിയും കെ കെ ശൈലജയും ആരോഗ്യമന്ത്രിമാരായിരുന്ന കാലയളവിൽ ഇതേ തസ്തികയിൽ പ്രവർത്തിച്ച വ്യക്തിയാണ്. പുതുതായി നിയമിച്ച ഡോക്ടർ മന്ത്രിയുടെ പരിചയക്കാരനാണെന്നും ആരോപണം ഉയരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം ഇത്തരത്തിൽ ആരോഗ്യവകുപ്പിൽ മാത്രം പത്തിലേറെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളുമാണ് വിവാദത്തിലായത്.
82 ജീവനക്കാരെ സ്ഥലംമാറ്റി; ഇനി കണക്കുകൾ തെറ്റും
ആരോഗ്യവകുപ്പിൽ അക്കൗണ്ട്‌സ് ചുമതല വഹിക്കുന്ന ലേ സെക്രട്ടറി, ട്രഷറർ/സീനിയർ സൂപ്രണ്ട് തസ്തികളിലെ ജീവനക്കാരെ വ്യാപകമായി സ്ഥലംമാറ്റി. 82 ജീവനക്കാരെ മാറ്റിയുള്ള ഉത്തരവ് ശനിയാഴ്‌ച രാത്രി പുറത്തുവന്നു. 16 പേരെ ജൂനിയർ സൂപ്രണ്ട് തസ്തികയിൽനിന്ന് സ്ഥാനക്കയറ്റം നൽകിയാണ് സ്ഥലം മാറ്റിയത്. സ്ത്രീകളെ ഉൾപ്പെടെ സ്വന്തം ജില്ലകളിൽ ഒഴിവുണ്ടായിട്ടും മറ്റ് ജില്ലകളിലേക്ക് മാറ്റി. ജീവനക്കാരെ മാറ്റിയത് ആശുപത്രികളുടെ നടത്തിപ്പിനെ ബാധിക്കുമെന്ന് വിമർശനം ഉയരുന്നുണ്ട്. 10 വർഷം മെഡിക്കൽ ഉപകരണങ്ങൾ ഉൾപ്പെടെ വാങ്ങിയതിന്റെ കണക്കെടുക്കാൻ മന്ത്രി ആരോഗ്യവകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്. ഇതിനിടയിലാണ്, ബന്ധപ്പെട്ട ജീവനക്കാരെ മാറ്റിയത്. ഇത് യഥാർഥകണക്കുകൾ അട്ടിമറിക്കാനാണെന്നും സംശയമുണ്ട്.











0 comments