ad
Deshabhimani

വയനാട്‌ പിരിവിന്‌ കോൺഗ്രസിന്‌ വേറെയും അക്ക‍ൗണ്ട്‌; ഇതിലേക്കും കോടികൾ ലഭിച്ചു

Congress.jpg
avatar
ഒ വി സുരേഷ്‌

Published on Apr 08, 2026, 08:41 AM | 2 min read

തിരുവനന്തപുരം: മുണ്ടക്കൈ ദുരന്തബാധിതർക്ക്‌ വീടു നിർമിച്ചുനൽകാനുള്ള ഫണ്ട്‌ സമാഹരണത്തിനെന്ന പേരിൽ കോൺഗ്രസ്‌ ആരംഭിച്ച ചില അക്ക‍ൗണ്ടുകളിലെ വിവരങ്ങൾ മറച്ചുവച്ചു. ധനലക്ഷ്‌മി ബാങ്കിലെ അക്ക‍ൗണ്ടിൽ ലഭിച്ച പണം മാത്രമാണ്‌ കെപിസിസി പ്രസിഡന്റ്‌ സണ്ണി ജോസഫ്‌ കഴിഞ്ഞദിവസം പുറത്തുവിട്ടത്‌. പുറമേ ഫെഡറൽ ബാങ്കിലും അക്ക‍ൗണ്ടുണ്ട്‌. ഇതിലേക്കും കോടികൾ ലഭിച്ചു.


ധനലക്ഷ്‌മി ബാങ്ക്‌ ശാസ്‌തമംഗലം ബ്രാഞ്ചിലെ അക്ക‍ൗണ്ടാണ്‌ സറ്റാൻഡ്‌ വിത്ത്‌ വയനാട്‌ ഐഎൻസി എന്ന ആപ്പുമായി ബന്ധിപ്പിച്ചത്‌ എന്നാണ്‌ വിവരം. കെ സുധാകരൻ പ്രസിഡന്റായിരിക്കെ 2024 ആഗസ്‌ത്‌ 17ന്‌ ആണ്‌ അക്ക‍ൗണ്ട്‌ ആരംഭിച്ചത്‌. ഇതിലെ 5.38 കോടിയാണ്‌ സണ്ണി ജോസഫ്‌ കണക്ക്‌ എന്ന പേരിൽ വായിച്ചത്‌. എന്നാൽ ഫെഡറൽ ബാങ്കിന്റെ പട്ടം ബ്രാഞ്ചിലും അക്ക‍ൗണ്ട്‌ തുടങ്ങിയിരുന്നു. കോടികൾ ലഭിക്കുകയും അവ പലതവണയായി പിൻവലിക്കുകയുംചെയ്‌തു. യുഎഇയിൽ ഉള്ള ഒരു മലയാളിയുടെ അക്ക‍ൗണ്ടിലേക്ക്‌ പോയ 53 ലക്ഷത്തോളം രൂപയും ഇതിലുൾപെടും. ഇതേ വ്യക്തിക്ക്‌ ഫെബ്രുവരിയിൽ ധനലക്ഷ്‌മി ബാങ്കിലെ അക്ക‍ൗണ്ടിൽനിന്നും ഒരു കോടി രൂപ കൈമാറിയിട്ടുണ്ട്‌.


congress fedaral bank accont.jpgഫെഡറൽ ബാങ്കിലെ അക്കൗണ്ട് വിവരങ്ങൾ


ആപ്പിനുമുമ്പ്‌ പിരിവ്‌ തുടങ്ങി


2024 ആഗസ്‌ത്‌ 21 മുതലാണ്‌ ആപ്പ്‌ പ്രവർത്തിച്ചുതുടങ്ങിയതെങ്കിലും അതിനുമുമ്പ്‌ പിരിവ്‌ തുടങ്ങിയിരുന്നു. ആഗസ്‌ത്‌ ഒമ്പതിനു ഓൺലൈനായി ചേർന്ന രാഷ്‌ട്രീയകാര്യസമിതിയാണ്‌ പണം പിരിക്കാൻ മണ്ഡലം കമ്മിറ്റികളോട്‌ നിർദേശിച്ചത്‌. സിപിഐ എമ്മോ ഡിവൈഎഫ്‌ഐയോ പണം പിരിച്ചിരുന്നില്ല. ആക്രി പെറുക്കി വിറ്റും കൂലിപ്പണിയെടുത്തുമെല്ലാമായിരുന്നു ഡിവൈഎഫ്‌ഐ 20 കോടി കണ്ടെത്തിയത്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌ പണം അയക്കാനായിരുന്നു സിപിഐ എം നിർദേശം. ഇ‍ൗ അവസരമുപയോഗിച്ച്‌ കോൺഗ്രസ്‌ കാര്യമായി പിരിച്ചു.


രാഹുൽഗാന്ധിയുടെ മണ്ഡലമെന്നനിലയിൽ മറ്റു സംസ്ഥാന കമ്മിറ്റികളും പണം അയച്ചിട്ടുണ്ട്‌. തമിഴ്‌നാട്‌ സംസ്ഥാനകമ്മിറ്റി ഒരു കോടിയാണ്‌ അയച്ചത്‌. ഇത്‌ അക്ക‍ൗണ്ടിലുണ്ടെങ്കിലും മറ്റു കമ്മിറ്റികളുടെ സഹായം വ്യക്തമല്ല. തെലങ്കാനയിലെ മന്ത്രി സീതാക്ക 15 ലക്ഷം, രാഹുൽഗാന്ധി 2.30 ലക്ഷം എന്നിങ്ങനെ നേതാക്കളെല്ലാം പണം നൽകി. പുറമേ കോൺഗ്രസിന്റെ പ്രവാസിസംഘടനകൾ, മണ്ഡലം കമ്മിറ്റികൾ എന്നിവയും പിരിച്ചു. എന്നാൽ വ്യാപകമായി പിരിച്ചിട്ടും അക്ക‍ൗണ്ടിൽ 3.78 കോടിയേ എത്തിയുള്ളു എന്നും വീട്‌ നിർമിക്കാൻ പണമില്ലെന്നുമുള്ള സണ്ണി ജോസഫിന്റെ കണക്കിൽ പൊരുത്തക്കേടുണ്ട്‌. പിരിച്ച പണം മുഴുവൻ അക്ക‍ൗണ്ടിലേക്ക്‌ എത്തിയില്ല എന്ന്‌ വ്യക്തം. കെപിസിസിയുടെ മറ്റൊരു അക്ക‍ൗണ്ടിലേക്കും വ്യക്തികളുടെ അക്ക‍ൗണ്ടിലേക്കും പണമൊഴുകി എന്ന സംശയം ചിലർ പങ്കുവയ്‌ക്കുന്നുണ്ട്‌. ആപ്പിലെ ക്യുആർ കോഡും ദുരുപയോഗിച്ചതായാണ്‌ സൂചന.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home