ad
Deshabhimani

നോവായി ആൻ ഗ്രേസ്; കണ്ണീരോടെ വിട നൽകി നാട്

ann grace
വെബ് ഡെസ്ക്

Published on Jan 14, 2025, 03:57 PM | 1 min read

തൃശൂർ: പീച്ചി ഡാമിന്റെ കൈവഴികളിൽ മുങ്ങി മരിച്ച ആൻ ഗ്രേസിന്‌ നാട് കണ്ണീരോടെ വിട നൽകി. പാറാശ്ശേരി സജി - സെറീന ദമ്പതികളുടെ മകളായ ആൻ ഗ്രേസിന്റെ മരണം തിങ്കളാഴ്‌ച ഉച്ചയോടെയാണ്‌ സ്ഥിരീകരിച്ചത്‌. പോസ്‌റ്റുമോർട്ടത്തിനുശേഷം വൈകീട്ട് 6.30 ഓടെ മൃതദേഹം ചാണോത്ത് വീട്ടിൽ എത്തിച്ചു. ഇന്ന് പകൽ 10.30ന് വീട്ടിൽ സംസ്കാര ചടങ്ങുകൾ ആരംഭിച്ചു. മന്ത്രി കെ രാജൻ, സിപിഐ എം ജില്ലാ സെക്രട്ടറി എം എം വർഗീസ്, രമേശ് ചെന്നിത്തല എംഎൽഎ, കലക്ടർ അർജുൻ പാണ്ഡ്യൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ആർ രവി,പഞ്ചായത്ത് പ്രസിഡന്റ് പി പി രവീന്ദ്രൻ തുടങ്ങി നിരവധിയാളുകൾ ആൻ ഗ്രേസിന് അന്തിമോപചാരമർപ്പിച്ചു.12ഓടെ പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടത്തി.


ഞായറാഴ്‌ചയാണ്‌ സുഹൃത്തിന്റെ വീട്ടിൽ തിരുനാൾ ആഘോഷത്തിനെത്തിയ നാല്‌ പെൺകുട്ടികൾ അപകടത്തിൽപ്പെട്ടത്‌. ഡാമിൽ ആൻഗ്രേസിനോടൊപ്പം അപകടത്തിൽപ്പെട്ട അലീന ഷാജൻ(16) നേരത്തെ മരണപ്പെട്ടിരുന്നു. ഇവർക്ക്‌ പുറമേ പട്ടിക്കാട് ചാണോത്ത് സ്വദേശിനികളായ മുരിങ്ങത്തുപ്പറമ്പിൽ എറിൻ ബിനോജ് (16), പീച്ചി തെക്കേക്കുളം പുളിയമാക്കൽ ജോണിയുടെ മകൾ നിമ (13) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. തൃശൂർ സെന്റ്‌ക്ലയേഴ്‌സ്‌ ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥിനികളാണിവർ.


ഇതില്‍ നിമ അപകടനില തരണം ചെയ്‌തു. നിമയുടെ സഹോദരി ഹിമയുടെ കൂട്ടുകാരികളാണ്‌ മറ്റുള്ളവർ. പെരുന്നാളാഘോഷത്തിന്‌ ഹിമയുടെ വീട്ടിൽ വിരുന്നുവന്ന ഇവർ ഒന്നിച്ചാണ്‌ ഡാം പരിസരത്തേക്ക്‌ പോയത്‌. ഹിമ അപകടത്തിൽപ്പെട്ടില്ല. ഹിമയുടെ കരച്ചിൽ കേട്ടാണ്‌ നാട്ടുകാർ ഓടിക്കൂടിയത്‌. തുടര്‍ന്ന് നട്ടുകാരാണ് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചത്. ഞായറാഴ്‌ച പകൽ മൂന്നിന്‌ തെക്കേക്കുളം അങ്കണവാടിക്കുസമീപമുള്ള റിസർവോയർ പ്രദേശത്താണ്‌ കുട്ടികൾ ഇറങ്ങിയത്‌.


30 അടിയോളം താഴ്ചയുള്ളയിവിടെ കുട്ടികള്‍ കാൽവഴുതി വീഴുകയായിരുന്നെന്ന്‌ കരുതുന്നു. ലൈഫ്‌ ഗാർഡ്‌ മേജോ തേക്കേകര കുട്ടികൾക്ക്‌ കൃത്രിമ ശ്വാസം നൽകി. കുത്തനെയുള്ള കയറ്റത്തിലൂടെ കുട്ടികളെ ചുമന്ന്‌ ആംബുലൻസിൽ എത്തിച്ചു. മന്ത്രി കെ രാജൻ ആശുപത്രിയിൽ എത്തി വിദഗ്‌ധ ചികിൽസയ്‌ക്ക്‌ മെഡിക്കൽ ബോർഡ്‌ രൂപീകരിക്കാനുൾപ്പടെ നിർദേശം നൽകിയിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home