നിതിൻ രാജിന്റെ മരണം: ഡോ. റാമിനെതിരെ നിരവധി പരാതികൾ; പൂഴ്ത്തിവെച്ച് മാനേജ്‌മെന്റ്

കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ആരോപണവിധേയനായ ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകളുമായി വിദ്യാർത്ഥികൾ.
ബോഡി ഷെയിമിങ് നടത്തിയതിനും മാനസികമായി പീഡിപ്പിച്ചതിനും ഇയാൾക്കെതിരെ മുൻപും നിരവധി പരാതികൾ നൽകിയിരുന്നെങ്കിലും മാനേജ്‌മെന്റ് ഇവയെല്ലാം പൂഴ്ത്തിവെച്ച് അധ്യാപകനെ സംരക്ഷിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
ഒരു ബാച്ചിലെ മുഴുവൻ വിദ്യാർത്ഥികളും ഒപ്പിട്ട പരാതി വരെ നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. പരാതികൾ ഒത്തുതീർപ്പാക്കാൻ മാനേജ്‌മെന്റ് നേരിട്ട് ഇടപെട്ടതായും വിദ്യാർത്ഥികൾ പറഞ്ഞു.
മുൻപ് നൽകിയ പരാതികളിൽ കൃത്യമായ നടപടി എടുത്തിരുന്നെങ്കിൽ നിതിൻ രാജിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്ന ഉറച്ച നിലപാടിലാണ് സഹപാഠികൾ. ഡോ. റാമിനെ പുറത്താക്കണമെന്ന ആവശ്യവുമായി അവസാന വർഷ വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്‌കരിച്ച് സമരത്തിലാണ്.
ഇയാളെ പുറത്താക്കുന്നത് വരെ പിൻമാറില്ലെന്ന് വിദ്യാർത്ഥി സംഘടനകളും വ്യക്തമാക്കി. ജാതീയമായ അധിക്ഷേപങ്ങളും മാനസിക പീഡനങ്ങളും ഡോ. റാമിന്റെ ഭാഗത്തുനിന്ന് പതിവായിരുന്നു. എന്നാൽ മാനേജ്‌മെന്റ് അധ്യാപകന് കുടപിടിക്കുന്ന സമീപനമാണ് സ്വീകരിച്ചത്.
നിതിന്റെ മരണത്തിന് പിന്നാലെ അധ്യാപകനെതിരെ കൂടുതൽ തെളിവുകൾ പുറത്തുവന്നതോടെ കോളേജ് അധികൃതരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. വിദ്യാർത്ഥികളുടെ പ്രതിഷേധം കനത്തതോടെ ക്യാമ്പസിൽ വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ ഏതറ്റം വരെയും പോരാടുമെന്ന് സമരസമിതി അറിയിച്ചു.










0 comments