ad
Deshabhimani

print edition ആശ്വാസതീരമണഞ്ഞ്‌ അനിൽകുമാർ

anil

അനിൽകുമാറും ഭാര്യ ശ്രീജയും

avatar
നെബിൻ കെ ആസാദ്‌

Published on Dec 06, 2025, 12:59 AM | 2 min read


ആലപ്പുഴ

""ചെങ്കടലിലെ യാത്ര സുരക്ഷിതമല്ല, ഹൂതികൾ മുമ്പും ഒരുപാട്‌ കപ്പലുകൾ തകർത്തിട്ടുണ്ട്‌. അറിയാമായിരുന്നു. എങ്കിലും ആക്രമണം പ്രതീക്ഷിച്ചിരുന്നില്ല, പെട്ടെന്നാണ്‌ ഞങ്ങൾ സഞ്ചരിച്ചിരുന്ന ഇറ്റേണിറ്റി സി എന്ന ഗ്രീക്ക് ചരക്കുകപ്പലിന്‌ നേരെ മിസൈൽ പാഞ്ഞുവന്നതും കപ്പൽ തകർത്തതും. തുടരെ മിസൈൽ ആക്രമണമുണ്ടായി. കപ്പലിലുണ്ടായിരുന്ന മൂന്നുപേരും കടലിലേക്ക്‌ ചാടിയ ഒരാളും മരിച്ചു. ചിലർക്ക്‌ കൈയും കാലും നഷ്‌ടപ്പെട്ടു. മനസിലോർക്കുമ്പോൾ ഇന്നും മരവിപ്പാണ്‌''– ആറുമാസത്തോളം യമനിൽ ഹൂതികളുടെ തടവിൽക്കഴിഞ്ഞ കായംകുളം പത്തിയൂർക്കാലാ ശ്രീജാലയത്തിൽ ആർ അനിൽകുമാർ ‘ദേശാഭിമാനി’യോട്‌ പറഞ്ഞു.


അമേരിക്കയുടെ റേഷൻ സൊമാലിയയിലെത്തിച്ചശേഷം ഇസ്രയേലിൽനിന്ന്‌ ചൈനയിലേക്കുള്ള ചരക്ക്‌ കയറ്റാൻ പോകുകയായിരുന്ന കപ്പലിലേക്ക്‌ ജൂലൈ ഏഴിനാണ് യെമനിലെ ഹൊദൈദ തുറമുഖത്തിനുസമീപം ആക്രമണമുണ്ടായത്. അനിൽകുമാറും തിരുവനന്തപുരം സ്വദേശി അഗസ്‌റ്റിനും ഉൾപ്പെടെ 25 പേരായിരുന്നു കപ്പലിൽ. 10 പേർ രക്ഷപ്പെട്ടു. 11 പേർ തടവിലായി. ആക്രമണമുണ്ടായപ്പോൾ അനിൽകുമാർ ഉൾപ്പെടെ ജീവനോടെ ശേഷിച്ച എല്ലാവരും കടലിലേക്കുചാടി. നീന്തി രക്ഷപ്പെടാൻ ശ്രമിക്കവെ രണ്ട്‌ മത്സ്യബന്ധന ബോട്ടുകളെത്തി. ആദ്യ ബോട്ട്‌ എരിത്രിയയിലേക്കായിരുന്നു. അതിൽ കയറിയ 10പേർ രക്ഷപ്പെട്ട്‌ നാട്ടിലേക്ക്‌ മടങ്ങി. അനിൽകുമാർ ഉൾപ്പെടെ ബാക്കി 11 പേർ കയറിയ ബോട്ട്‌ ഹൂതികളുടെ അടുത്തേക്കാണ്‌ പോയത്‌.


​ആശങ്ക, അനിശ്ചിതത്വം

ആദ്യം ഹൊദൈദ നഗരത്തിലും പിന്നീട്‌ യെമൻ തലസ്ഥാനമായ സനയിലും മറ്റൊരിടത്തുമായി ആറുമാസം താമസിപ്പിച്ചു. ജയിലിലേതുപോലെ ചെറിയമുറിയിൽ മൂന്നുപേർ എന്ന വിധത്തിലാണ്‌ താമസിപ്പിച്ചത്‌. ഭക്ഷണവും കുടിവെള്ളവും നൽകും. പുറത്തിറങ്ങാനോ പുറത്തുള്ളവരോട്‌ സംസാരിക്കാനോ അനുവാദമില്ല. ദേഹോപദ്രവം ഏൽപ്പിച്ചില്ല.


തടവിലായി ദിവസങ്ങൾ കഴിഞ്ഞാണ്‌ വിവരം നാട്ടിലറിയുന്നത്‌. രക്ഷപ്പെട്ട അഗസ്‌റ്റിൻ വിവരങ്ങൾ കുടുംബത്തെയും ബന്ധപ്പെട്ടവരെയും അറിയിച്ചു. പിന്നീട്‌ ഹൂതികൾ നൽകിയ ഫോണുപയോഗിച്ച്‌ അനിൽകുമാർ കുടുംബവുമായി ബന്ധപ്പെട്ടു. ആഴ്‌ചയിൽ ഒരുതവണ ഫോണിൽ ബന്ധപ്പെടാനും അവർ അനുവദിച്ചു. നാട്ടിൽ ഭാര്യ ശ്രീജയും കുടുംബാംഗങ്ങളും മോചിപ്പിക്കാനുള്ള നടപടികൾ മുന്നോട്ടുനീക്കാൻ അധികൃതരോട്‌ അഭ്യർഥിച്ചു. ഹൂതികൾ ബന്ദിയാക്കിയാൽ വിട്ടയക്കാൻ വൈകുമെന്നറിഞ്ഞത്‌ കൂടുതൽ ആശങ്കയുണ്ടാക്കി.


സർക്കാർ യമനുമായി അടുത്ത ബന്ധമുള്ള ഒമാൻ ഭരണാധികാരിയെ കാര്യങ്ങൾ ധരിപ്പിച്ചു. തുടർന്ന്‌ ഇന്ത്യയുടെയും ഒമാനിന്റെയും ഇടപെടലിന്റെ ഫലമായി അനുകൂല തീരുമാനം വന്നു. യമൻ സൈനിക ഉദ്യോഗസ്ഥനെത്തി മോചന വിവരം അറിയിച്ചു. മൂന്നിന് വൈകിട്ട് യെമനിൽനിന്ന് വിമാനമാർഗം ഒമാനിലെ സൈനിക വിമാനത്താവളത്തിലേക്കും അവിടെനിന്ന്‌ ഇന്ത്യൻ എംബസിയിലുമെത്തി. പിന്നീട് മസ്‌കത്തിൽനിന്ന്‌ നെടുമ്പാശേരിയിലേക്ക്‌ തിരിച്ചു.


കാത്തിരിപ്പിനൊടുവിൽ കണ്ണീരോടെയാണ്‌ ഭാര്യ ശ്രീജയും മക്കളായ അനഘയും അനുജും അനിലിനെ സ്വീകരിച്ചത്‌. കരസേനയിൽ 19 വർഷത്തെ സേവനത്തിന്‌ ശേഷം നായിക് സുബേദാറായി വിരമിച്ച അനിൽകുമാർ (52) അഞ്ചുവർഷം മുമ്പാണ്‌ മർച്ചന്റ് നേവിയിൽ സുരക്ഷാഓഫീസറായി ചേർന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home