ad
Deshabhimani

തൊഴിലാളികളുടെ പ്രിയ നേതാവ്

ANANDAN
avatar
എം വി ഗോവിന്ദൻ

Published on Oct 05, 2025, 04:15 AM | 1 min read

പ്രമുഖ ട്രേഡ്‌ യൂണിയൻ, കമ്യൂണിസ്റ്റ്‌ പാർടി നേതാവായിരുന്ന സഖാവ്‌ ആനത്തലവട്ടം ആനന്ദൻ നമ്മെ വിട്ടുപിരിഞ്ഞിട്ട്‌ ഒക്‌ടോബർ അഞ്ചിന്‌ രണ്ടുവർഷം പൂർത്തിയാകുകയാണ്‌. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം, സിഐടിയു അഖിലേന്ത്യ വൈസ്‌ പ്രസിഡന്റ്‌, സംസ്ഥാന പ്രസിഡന്റ്‌, കയർ തൊഴിലാളി യൂണിയൻ നേതാവ്‌, കയർ സെന്റർ നേതാവ്‌ എന്നീ നിലകളിലെല്ലാം പ്രവർത്തിച്ച അദ്ദേഹം തൊഴിലാളികളുടെ പ്രിയ നേതാവായിരുന്നു. മൂന്നുവട്ടം ആറ്റിങ്ങലിൽനിന്ന്‌ നിയമസഭയിലെത്തിയ സഖാവ്‌ പാർലമെന്ററി രംഗത്തും മാതൃകാപരമായ പ്രവർത്തനം കാഴ്‌ചവച്ചു. |

ചിറയിൻകീഴ്‌ താലൂക്കിലെ കയർ ഗ്രാമമായ ആനത്തലവട്ടത്ത്‌ ജനിച്ച സഖാവ്‌ നന്നേ ചെറുപ്പത്തിൽത്തന്നെ കയർത്തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചാണ്‌ കമ്യൂണിസ്റ്റ്‌ പാർടി, തൊഴിലാളി സംഘടനാ പ്രവർത്തകനും നേതാവുമായി വളർന്നത്‌.

നീതിനിഷേധങ്ങൾക്കെതിരെ പതർച്ചയില്ലാത്ത ചെറുത്തുനിൽപ്പായിരുന്നു സഖാവിനെ വ്യത്യസ്‌തനാക്കിയത്‌. തൊഴിലാളികൾക്കൊപ്പം ഇഴുകിച്ചേർന്നായിരുന്നു ആനത്തലവട്ടത്തിന്റെ സംഘടനാപ്രവർത്തനം. രോഗം ബാധിച്ച്‌ ചികിത്സയിൽ കഴിഞ്ഞ അവസാനനാളുകളിലും അദ്ദേഹം സംഘടനാകാര്യങ്ങളിലും തൊഴിലാളികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും സജീവമായി ഇടപെട്ടു. കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം രൂപംകൊണ്ട കാലളവിലാണ് സഖാവിന്റെ ജനനം. 1937 ഏപ്രിൽ 22. 1956ൽ കമ്യൂണിസ്റ്റ്‌ പാർടി അംഗമായി.

സ്‌കൂളിൽ എൻസിസി കേഡറ്റായിരുന്ന ആനന്ദന്‌ പട്ടാളത്തിൽ ചേരാൻ ഉത്തരവ്‌ ലഭിച്ചെങ്കിലും അമ്മ സമ്മതിക്കാത്തതിനാൽ പോയില്ല. പിന്നീട്‌ റെയിൽവേയിൽ ടിടിഇയായി ജോലി ലഭിച്ചപ്പോൾ കയർത്തൊഴിലാളികളുടെ സമരം നടക്കുന്ന കാലമായിരുന്നു. ജോലിക്കുപോകാൻ എല്ലാവരുടെയും സമ്മർദമുണ്ടായെങ്കിലും തൊഴിലാളികളെ സമരത്തിലേക്ക്‌ തള്ളിവിട്ടിട്ട്‌ ജോലിക്ക്‌ പോകുന്നത്‌ ശരിയല്ലെന്ന്‌ തോന്നിയതിനാൽ വേണ്ടെന്നുവച്ചു.

1971-ൽ സി എച്ച്‌ കണാരനെ പരിചയപ്പെട്ടതോടെ മുഴുവൻസമയ പാർടി പ്രവർത്തകനായി. കയർത്തൊഴിലാളികളുടെ വിശ്വസ്‌ത സഖാവും സംരക്ഷകനുമായിരുന്നു ആനന്ദൻ. 1975 മാർച്ച്‌ 31ന്‌ കാസർകോട്ടുനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ നടത്തിയ കയർത്തൊഴിലാളികളുടെ പട്ടിണിജാഥയ്‌ക്ക്‌ നേതൃത്വം നൽകി.

അടിയന്തരാവസ്ഥക്കാലത്ത്‌ ആനത്തലവട്ടം ജയിൽവാസവും അനുഭവിച്ചു. നിയമസഭാ സാമാജികൻ, ആശയപ്രചാരകൻ, പ്രഭാഷകൻ, സംഘാടകൻ എന്നിങ്ങനെ നിരവധി തലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങൾ സമാനതകളില്ലാത്തതാണ്. തൊഴിലാളിവർഗ പ്രസ്ഥാനത്തിനുവേണ്ടി ജീവിതം സമർപ്പിച്ച ത്യാഗധനനായ നേതാവായിരുന്നു സഖാവ് ആനത്തലവട്ടം ആനന്ദൻ. ആ വേർപാട്‌ പാർടിക്കും പ്രസ്ഥാനത്തിനും കനത്ത നഷ്‌ടംതന്നെയാണ്‌. സഖാവിന്റെ ഓർമകൾക്കു മുന്നിൽ സ്‌മരണാഞ്ജലികൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home