print edition ആനന്ദ് മഹീന്ദ്ര പറഞ്ഞു ; കടമക്കുടി ഭൂമിയിലെ ഏറ്റവും സുന്ദരഗ്രാമം

കൊച്ചി
കടമക്കുടിയിലൂടെ ‘ഥാർ’ ഓടിച്ചും കായൽഭംഗി ആസ്വദിച്ചും വ്യവസായി ആനന്ദ് മഹീന്ദ്ര. കടമക്കുടി ഭൂമിയിലെ ഏറ്റവും സുന്ദര ഗ്രാമമെന്ന് എക്‌സിൽ പ്രഖ്യാപിച്ചാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര തന്റെ കേരള സന്ദർശനത്തെക്കുറിച്ച് പുറംലോകത്തെ അറിയിച്ചത്.
വെള്ളി രാവിലെ 11.20-നാണ് ‘ഥാർ’ സ്വയമോടിച്ച് ആനന്ദ് മഹീന്ദ്ര കടമക്കുടി കാണാനെത്തിയത്. കൊച്ചിയിൽ മഹീന്ദ്ര ഗ്രൂപ്പിന്റെ ലീഡർഷിപ്പ് ക്യാമ്പിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. കൊച്ചിയിൽനിന്ന് വരാപ്പുഴ വഴി വലിയ കടമക്കുടി ദ്വീപിലാണ് അദ്ദേഹം എത്തിയത്. ഡിസംബറിൽ കേരളത്തിലെത്തുമ്പോൾ കടമക്കുടി നിർബന്ധമായും സന്ദർശിക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ വരവിനെ സ്വാഗതം ചെയ്‌ത് ടൂറിസംമന്ത്രി മുഹമ്മദ് റിയാസ് സമൂഹമാധ്യമത്തിൽ കുറിപ്പിട്ടിരുന്നു.
ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്നാണ് കടമക്കുടിയെന്നാണ് ആനന്ദ് മഹീന്ദ്ര തന്റെ എക്സ് പേജിൽ മുമ്പ് കുറിച്ചത്.
‘കടമക്കുടി സന്ദർശിക്കുമെന്ന് ഞാൻ മനസ്സിലുറപ്പിച്ച വാക്ക് പാലിച്ചു’വെന്ന് പറഞ്ഞാണ് എക്‌സിലെ പോസ്‌റ്റ് തുടങ്ങുന്നത്. ഭൂമിയിലെ ഏറ്റവും മനോഹരമായ ഗ്രാമങ്ങളിലൊന്ന് എന്ന ഖ്യാതി കടമക്കുടി ശരിക്കും അർഹിക്കുന്നുണ്ടോ എന്ന് അറിയാനാണ് വെള്ളിയാഴ്‌ച ഇവിടെ എത്തിയത്. വൃത്തിയും പരിശുദ്ധവുമായ നാട്. കണ്ണെത്താദൂരം നീളുന്ന കായൽ ആരെയും മോഹിപ്പിക്കുന്നു. കൊക്കുകളും എരണ്ടകളും കൊക്കുകൾകൊണ്ട് വെയിലത്ത് ചിറകുകൾ ഒതുക്കുന്ന കാഴ്‌ചയും ഏറെ മനോഹരമാണ്. ചില പ്രകൃതിദൃശ്യങ്ങൾ നിങ്ങളെ ആകർഷിക്കുക മാത്രമല്ല നവീകരിക്കുകയും ചെയ്യുമെന്ന് ആനന്ദ് മഹീന്ദ്ര എക്‌സിൽ കുറിച്ചു.










0 comments