print edition ആനന്ദ് എത്തി, ചേതനയറ്റ് തളർന്നുവീണ് ആതിര

ആനന്ദ് കെ തമ്പിയുടെ അച്ഛൻ കേശവൻ തമ്പിയെ മന്ത്രി വി ശിവൻകുട്ടി ആശ്വസിപ്പിക്കുന്നു
തിരുവനന്തപുരം
കരഞ്ഞുതളർന്ന് പാതി ബോധത്തിൽ മക്കളെയും ചേർത്ത് പിടിച്ചിരുന്ന ആതിരയുടെ മുന്നിലേക്ക് ആനന്ദ് കെ തമ്പിയുടെ ചേതനയറ്റ ശരീരമെത്തിച്ചപ്പോൾ അവരെ എങ്ങനെ ആശ്വസിപ്പിക്കും എന്ന ആശങ്കയിലായിരുന്നു ചുറ്റുമുള്ളവർ. പൊട്ടിക്കരയാൻ പോലുമാകാതെ ആതിര തളർന്നു വീണപ്പോൾ മക്കളായ കാശിനാഥും ഗംഗയും അച്ഛനെ വിളിച്ച് പൊട്ടിക്കരഞ്ഞു. അബോധാവസ്ഥയിലായ ആതിരയെ ആനന്ദിന്റെ മൃതദേഹമെത്തിച്ച അതേ ആംബുലൻസിൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആനന്ദിന്റെ വിയോഗ വാർത്ത അറിഞ്ഞതുമുതൽ അവർ പാതിബോധത്തിലായിരുന്നു. എല്ലാംകണ്ട് ആനന്ദിന്റെ അച്ഛൻ കേശവൻ തമ്പിയും അമ്മ ശാന്തമ്മയും മൃതദേഹത്തിനരികിൽ മരവിച്ചിരുന്നു.
ബിജെപി, ആർഎസ്എസ് നേതാക്കളുടെ വഞ്ചനയെതുടർന്ന് ആത്മഹത്യചെയ്ത ആർഎസ്‌എസ് നേതാവ് ആനന്ദ് കെ തമ്പിയുടെ മൃതദേഹമെത്തിയത് കണ്ണീരണിഞ്ഞ അന്തരീക്ഷത്തിലേക്കാണ്. വീടിനുള്ളിൽ പൊതുദർശനത്തിനുവച്ച മൃതദേഹത്തിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ നാടാകെയെത്തി. വൈകിട്ട് മൂന്നിന് തൃക്കണ്ണാപുരം പ്ലാവിള ജയ് നഗറിലെ ‘സരോവര’ത്തിൽ മൃതദേഹമെത്തിച്ചശേഷം നാലരയോടെ പുത്തൻകോട്ട ശ്മശാനത്തിൽ സംസ്കരിച്ചു. ആനന്ദിനെ തള്ളിപ്പറഞ്ഞ ബിജെപി നേതാക്കളോ ആർഎസ്എസ് നേതാക്കളോ ജനരോഷം ഭയന്ന് പൊതുദർശനത്തിനെത്തിയില്ല. ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയൻ വീട്ടിൽ എത്തിയിരുന്നെങ്കിലും ആനന്ദിനെ നേരിട്ട് പരിചയമില്ലെന്നും ആർഎസ്എസുകാരനല്ലെന്നുമാണ് പ്രതികരിച്ചത്. ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും തന്റെ മൃതദേഹം കാണിക്കരുതെന്ന് ആനന്ദ് ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരുന്നു.
കൊലയ്ക്ക് കൊടുത്തതെന്ന് ബന്ധുക്കൾ
ചെറുപ്രായം മുതൽ ആർഎസ്എസിലും ബിജെപിയിലും സജീവ പ്രവർത്തകനായിരുന്ന ആനന്ദ് കെ തമ്പിയെ അതേ നേതൃത്വം കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. ആനന്ദിന് വലിയ സമ്മർദവും ഭീഷണിയുമുണ്ടായിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. ഈ ഭീഷണി മറികടക്കാനാണ് വെള്ളിയാഴ്ചയോടെ ആനന്ദ് ശിവസേനയില്‍ ചേർന്നതെന്നാണ് വിവരം. എന്നാൽ ഭീഷണിയും സമ്മർദവും തുടർന്നിരുന്നതായാണ് സൂചന. ശനിയാഴ്ച വൈകിട്ടോടെയാണ് വീടിന് പിന്നിലെ ഷെഡിനുള്ളിൽ ആനന്ദിനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.










0 comments