print edition അടിയറവയ്ക്കാത്ത നീതിബോധം

മലയാളത്തിലെ ആധുനികതാവാദ പ്രസ്ഥാനത്തിലെ ഏറ്റവും പ്രമുഖനായ എഴുത്തുകാരനാണ് ആനന്ദ്. മനുഷ്യാവസ്ഥയെക്കുറിച്ചുള്ള ആഴത്തിലുള്ള ഉത്കണ്ഠ പേറുന്നതാണ് രചനകൾ. നീതി നിഷേധിക്കപ്പെടുന്ന മനുഷ്യർക്കൊപ്പം നിൽക്കുന്ന കൃതികൾ ദർശനത്തിന്റെയും ചിന്തയുടെയും ആഴങ്ങൾ പേറുന്നു. അത് ഇന്ത്യൻ സാഹിത്യത്തിൽ ആനന്ദിന് അനന്യമായ സ്ഥാനവും നേടിക്കൊടുത്തു.
‘മരണ സർട്ടിഫിക്കറ്റി’ൽ ദുരന്തങ്ങളെ അതിജീവിക്കുന്ന വ്യക്തിയിലൂടെ, ചരിത്രത്തിലെ തിരിച്ചടികളെ അതിജീവിക്കാനുള്ള മനുഷ്യന്റെ ശേഷിയാണ് ഉയർത്തിക്കാട്ടുന്നത്. അടിയന്തരാവസ്ഥയിൽ ഭരണകൂടം മനുഷ്യ സ്വാതന്ത്ര്യത്തിനുമേൽ നടത്തുന്ന കടന്നുകയറ്റമാണ് ‘ഉത്തരായന’ത്തിലെ പ്രമേയം. മനുഷ്യാവസ്ഥയെ പൊതുവെയും ഇന്ത്യൻ അവസ്ഥയെക്കുറിച്ച് സമഗ്രമായ ദാർശനിക ബോധത്തോടെയും അന്വേഷിക്കുന്ന കൃതിയാണ് അഭയാർഥികൾ. വിമോചനത്തിന്റെ വഴികൾ അന്വേഷിക്കുന്നതോടൊപ്പം ലോകത്തെ മാറ്റിത്തീർക്കാനുള്ള മനുഷ്യ പ്രയത്നത്തിന്റെ പ്രാധാന്യം ഇത് ഉയർത്തിപ്പിടിക്കുന്നു.
ഭരണകൂടം എങ്ങനെ അതിന്റെ ഇരകളെ സൃഷ്ടിക്കുന്നുവെന്ന് വിശദീകരിക്കുന്നതാണ് ‘മരുഭൂമികൾ ഉണ്ടാകുന്നത്’. നീതിക്കുവേണ്ടിയുള്ള ഒത്തുതീർപ്പില്ലാത്ത ചെറുത്തുനിൽപ്പിന്റെ കഥ. പാരിസ്ഥിതിക മാനങ്ങളുള്ള കൃതി കൂടിയാണത്. ചരിത്രത്തിലുടനീളം നിരപരാധികൾ ശിക്ഷിക്കപ്പെടുന്നതെങ്ങനെ എന്ന അന്വേഷണമാണ് ‘ഗോവർധന്റെ യാത്രകൾ’. ജനാധിപത്യത്തിന്റെ അപചയത്തെയാണ് ‘വ്യാസനും വിഘ്നേശ്വരനും’ എന്ന നോവലിൽ വിമർശാത്മകമായി സമീപിക്കുന്നത്.
ആൾക്കൂട്ടത്തിന്റെയും ഭരണകൂടത്തിന്റെയും ഹിംസാപരത ഓരോ വ്യക്തിയിലേക്കും പടർന്നു കയറുന്നതാണ് പിൽക്കാല നോവലുകളിൽ ചിത്രീകരിച്ചത്.
സ്വാതന്ത്ര്യബോധവും യുക്തിബോധവും ശാസ്ത്രബോധവും അതിലെ അന്തർധാരയാണ്. ഇൗ പിഴച്ച കാലത്ത് പ്രതീക്ഷയുടെ ചക്രവാളം നമുക്ക് മുന്നിൽ തുറന്നുവയ്ക്കുന്നൂ ആനന്ദ്. സ്വാതന്ത്ര്യത്തെക്കുറിച്ചും മനുഷ്യ മോചനത്തെക്കുറിച്ചുമുള്ള മൗലികമായ ചിന്ത പ്രകാശിപ്പിക്കുന്ന കൃതിയാണ് ജൈവ മനുഷ്യൻ.
വീടും തടവും, ഇര, ഒടിയുന്ന കുരിശ്, സംവാദം, അശാന്ത്രം, നാലാമത്തെ ആണി, ആനന്ദിന്റെ കഥകൾ എന്നീ കഥാസമാഹാരങ്ങളും ശവ ഘോഷയാത്ര, മുക്തിപഥം എന്നീ നാടകങ്ങളുമുണ്ട്. വേട്ടക്കാരനും വിരുന്നുകാരനും, പ്രകൃതി പരിസ്ഥിതി ദാരിദ്ര്യം, ഊർജ്ജം, നഷ്ട പ്രദേശങ്ങൾ, കണ്ണാടിലോകം തുടങ്ങിയവ ലേഖനങ്ങളുടെയും പഠനങ്ങളുടെയും സമാഹാരങ്ങളാണ്.










0 comments