print edition തുരങ്കപാത നിർമാണം തുടങ്ങിയത് പൂർണ്ണ അനുമതികളോടെ

സുജിത് ബേബി
Published on Jul 09, 2026, 12:00 AM | 2 min read
കോഴിക്കോട് : കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി മുതൽ സുപ്രീംകോടതിയുടെ വിശദമായ പരിശോധന വരെയുള്ള കടമ്പകൾ കടന്ന് നിർമാണമാരംഭിച്ച ആനക്കാംപൊയിൽ–കള്ളാടി തുരങ്കപാതയ്ക്കെതിരെ പ്രചരിക്കുന്നത് കള്ളക്കഥകൾ. കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലിന്റെ മറവിലാണ് തുരങ്കപാത ഇല്ലാതാക്കാൻ ലക്ഷ്യമിട്ടുള്ള പ്രചാരണം.
പരിസ്ഥിതി അനുമതി ലഭിക്കാൻ മുൻ സർക്കാർ സമ്മർദം ചെലുത്തിയെന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞ മുഖ്യമന്ത്രി മുതൽ കേന്ദ്രാനുമതിക്കായി മുൻ സർക്കാർ തെറ്റായ വിവരങ്ങളടങ്ങിയ റിപ്പോർട്ട് നൽകിയെന്ന് വാർത്ത നൽകിയ യുഡിഎഫ് പത്രമടക്കമുള്ളവരുടെ ലക്ഷ്യം എൽഡിഎഫ് സർക്കാർ ആരംഭിച്ച, മലബാറിന്റെ വികസനത്തിൽ നാഴികക്കല്ലാകുന്ന പദ്ധതിക്ക് തുരങ്കംവയ്ക്കലാണ്. പ്രാഥമിക നടപടികൾക്കുശേഷം 2022ലാണ് സംസ്ഥാന സർക്കാർ സാമൂഹ്യാഘാത പഠനമാരംഭിച്ചത്. ഒരുവർഷം നീണ്ട പഠനത്തിനുശേഷം 2023ൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചു. തുടർന്ന് വയനാട്, കോഴിക്കോട് കലക്ടറേറ്റുകളിൽ പൊതുജനാഭിപ്രായം തേടി അദാലത്തുകൾ സംഘടിപ്പിച്ചു.
ജനങ്ങളുടെ ആശങ്കകളും നിർദേശങ്ങളും പരിഗണിച്ചാണ് അന്തിമ സാമൂഹ്യാഘാത പഠന റിപ്പോർട്ട് പുറത്തിറക്കിയത്.
തുടർന്ന് സംസ്ഥാന സർക്കാരിനുകീഴിൽ പരിസ്ഥിതി ആഘാത പഠനം നടന്നു. വിശദമായി പഠിച്ച് 2025 മാർച്ചിൽ പദ്ധതിക്ക് പാരിസ്ഥിതികാനുമതി നൽകി. 2025 മെയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിയുമായി. നിർമാണഘട്ടത്തിലെ പ്രത്യാഘാതങ്ങൾ കുറയ്ക്കാൻ സ്വീകരിക്കേണ്ട നടപടികളടക്കം നിർദേശിച്ച് 60 ഇന ഉപാധികളോടെയായിരുന്നു കേന്ദ്രാനുമതി. വനംമന്ത്രാലയത്തിന്റെ സ്റ്റേജ് വൺ, സ്റ്റേജ് 2 അനുമതിയും ലഭ്യമായി. കർശന പരിശോധനകൾക്കും പഠനങ്ങൾക്കും ശേഷമാണ് പരിസ്ഥിതി മന്ത്രാലയം പച്ചക്കൊടി കാട്ടിയത്.
നിർമാണഘട്ടത്തിലേക്ക് കടക്കാനിരിക്കെയായിരുന്നു പ്രകൃതിസംരക്ഷണ സമിതി ഹൈക്കോടതിയെ സമീപിച്ചത്. പദ്ധതി നിർത്തിവയ്ക്കണമെന്ന ആവശ്യം വിശദമായി പരിശോധിച്ച് ഹൈക്കോടതി ഹർജി തള്ളി. തുടർന്ന് ഹർജിക്കാർ സുപ്രീംകോടതിയെ സമീപിച്ചു. സംസ്ഥാന വികസനത്തിന്റെ കുതിപ്പിന് അനിവാര്യമായ ജീവരേഖയാണ് തുരങ്കപാതയെന്ന നിരീക്ഷണത്തോടെയായിരുന്നു സുപ്രീംകോടതിയുടെ അനുമതി. പാരിസ്ഥിതിക അനുമതിയില്ലാതെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന ഹർജിക്കാരുടെ ആരോപണം കോടതി അന്നേ തള്ളിയിരുന്നു.
പാരിസ്ഥിതിക പ്രശ്നങ്ങളില്ലാതെയാണ് തുരങ്കപാത നിർമാണം നടക്കുന്നതെന്ന കേന്ദ്രം നിയോഗിച്ച സമിതികളുടെ റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. സാങ്കേതിക കാര്യങ്ങളിൽ വിദഗ്ധരുടെ അനുമതിയാണ് കണക്കിലെടുക്കേണ്ടതെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി ഹൈക്കോടതി വിധി ശരിവച്ചു. 58 നിബന്ധനകളോടെയായിരുന്നു സുപ്രീംകോടതിയുടെ അനുമതി.
400 പേർ മരിച്ചിടത്താണ് പദ്ധതി നടപ്പാക്കുന്നതെന്ന പ്രകൃതി സംരക്ഷണ സമിതിയുടെ വാദത്തിൽ, അക്കാര്യം എൻജിനിയർമാർ പരിശോധിക്കുമെന്നായിരുന്നു സുപ്രീംകോടതി വ്യക്തമാക്കിയത്. കേന്ദ്ര വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെയും സുപ്രീംകോടതിയുടെയും നിർദേശങ്ങൾ കർശനമായി പാലിച്ചാണ് നിർമാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. ഇക്കാര്യങ്ങൾ മറച്ചുവച്ച് കള്ളപ്രചാരണം നടത്തി പദ്ധതിയെ തകർക്കാനുള്ള നീക്കമാണ് ഭരണത്തിന് നേതൃത്വം നൽകുന്നവരും ഒരുവിഭാഗം മാധ്യമങ്ങളും നടത്തുന്നത്.










0 comments