ആലപ്പുഴയിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് നഴ്സ് മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണപ്പെട്ട നഴ്സ് ആര്യമോള്‍ (ഇടത്)
ആലപ്പുഴ: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ആലപ്പുഴയിൽ നഴ്സ് മരിച്ചു. അമ്പലപ്പുഴ നീർക്കുന്നം കളത്തിൽ വിജയന്റെയും അമ്പിളിയുടെയും മകൾ ആര്യമോൾ (26) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആര്യമോൾ മരണത്തിന് കീഴടങ്ങിയത്. ബംഗളൂരുവിൽ നഴ്സ് ആയി ജോലി ചെയ്തു വരികയായിരുന്നു. വിദേശത്തേയ്ക്ക് പോകുന്നതിനായി ബംഗളൂരുവിലെ ജോലി രാജിവച്ച് മൂന്ന് മാസം മുൻപാണ് നാട്ടിലെത്തിയത്.
ഒരു മാസം മുൻപാണ് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഗം ഭേദമായതിന് ശേഷം ഡിസ്ചാർജ് ആയി വീട്ടിലെത്തിയതിന് പിന്നാലെ വീണ്ടും രോഗലക്ഷണങ്ങൾ കണ്ടു. ഇതോടെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെയാണ് ആര്യമോൾ മരണത്തിന് കീഴടങ്ങിയത്.
18 ദിവസമായി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതേസമയം, ആര്യമോൾക്ക് എവിടെനിന്നാണ് രോഗബാധയുണ്ടായതെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് നേരത്തെയും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടികൾക്ക് ഉൾപ്പെടെ ജീവൻ നഷ്ടമായിരുന്നു. ഇതിനുപിന്നാലെയാണ് വീണ്ടും മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശം നൽകി.
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ;
രണ്ടു ഘട്ടങ്ങളായാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്.
ആദ്യ ഘട്ടത്തിൽ
* കടുത്ത പനി
* തീവ്രമായ തലവേദന
* ഛർദ്ദിയും ഓക്കാനവും
* കഴുത്ത് തിരിക്കാനുള്ള ബുദ്ധിമുട്ട്:
രണ്ടാം ഘട്ടത്തിൽ
* അപസ്മാരം
* ഓർമ നഷ്ടപ്പെടുക
പ്രതിരോധം
* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുക
* കുട്ടികളെ ഇത്തരം വെള്ളത്തിൽ കളിക്കാൻ അനുവദിക്കാതിരിക്കുക
* മൂക്കിലേക്ക് ഇത്തരം ജലം എത്താതെ ശ്രദ്ധിക്കുക
* ചെറിയ കുളങ്ങൾ, കിണറുകൽ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക










0 comments