അമേരിക്കയുടെ ഇറക്കുമതിച്ചുങ്കം വർധന: കേരളത്തിന് വലിയ ദോഷം വരുത്തുന്നത്; പ്രത്യാഘാതങ്ങൾ പഠിക്കും– മുഖ്യമന്ത്രി

കണ്ണൂർ: അമേരിക്ക ഇറക്കുമതിച്ചുങ്കം വർധിപ്പിച്ചത് കേരളത്തെ എങ്ങിനെ ബാധിക്കുമെന്നത് സംബന്ധിച്ച് പഠനം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയുടെ സാമ്പത്തിക മേഖലയക്ക് പൊതുവിലും കേരളത്തിന് പ്രത്യേകിച്ചും വലിയ ദോഷം വരുത്തുന്നതാണ് ഇറക്കുമതിച്ചുങ്കത്തിലെ വർധന. കേരളത്തിലെ കയറ്റുമതി ഉൽപ്പന്നങ്ങളെ സാരമായി ഇത് ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിൽനിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ലോകത്തെ രണ്ടാമത്തെ രാജ്യമാണ് അമേരിക്ക. കശുവണ്ടി, അരി, പച്ചക്കറികൾ, സംസ്‌കരിച്ച പഴം, ധാന്യപൊടികൾ തുടങ്ങിയവയുടെ ആകെ കയറ്റുമതിയുടെ ഇരുപത് ശതമാനവും പോകുന്നത് അമേരിക്കയിലേക്കാണ്. രാജ്യത്തെ ഏറ്റവുമധികം സമുദ്രോൽപ്പന്ന സംസ്‌കരണ യൂണിറ്റുള്ള സംസ്ഥാനവും കേരളമാണ്. അതുകൊണ്ടുതന്നെ നമ്മുടെ സമുദ്രോൽപ്പന്ന കയറ്റുമതിയിലും അമേരിക്കയുടെ അധിക ചുങ്കത്തിന്റെ പ്രത്യാഘാതം ഉണ്ടാകും.
കേരളത്തെ ഗുരുതരമായി ബാധിക്കുന്ന ഇൗ പ്രതിസന്ധിയെക്കുറിച്ച് സർക്കാർ ആഴത്തിൽ പഠിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിന് സമുചിത വിളനിർണയം പദ്ധതി കണ്ണൂരിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.









0 comments