print edition ‘മഴ പെയ്യുമ്പോൾ നെഞ്ചിലിന്നും തീ’; അമ്പൂരി ഉരുൾപൊട്ടലിന് കാൽനൂറ്റാണ്ട്

സി ഡി തോമസ്
വെള്ളറട: മൂന്ന് മണിക്കൂർമാത്രം നീണ്ടുനിന്ന പെയ്‌ത്തിൽ നാടിനെ മുഴുവൻ അടയാളമില്ലാതെ മായ്ച്ചുകളഞ്ഞ അമ്പൂരി ഉരുൾപൊട്ടലിന് കാൽനൂറ്റാണ്ട്. 39 മനുഷ്യജീവൻ നഷ്‌ടമായ അമ്പൂരി ദുരന്തത്തിന്റെ നടുക്കം നെയ്യാർക്കരയിൽ ഇന്നും ബാക്കിയാണ്. നഷ്ടങ്ങളുടെ ബാക്കിപത്രവുമായി വീണ്ടും വേരുറപ്പിച്ച 75കാരൻ സി ഡി തോമസ് എന്ന കർഷകന്റെ അതിജീവനത്തിനും 25 വയസ്സ് തികയുകയാണ്.
മഴ പെയ്യുമ്പോൾ ഇന്നും നെഞ്ചിൽ തീയാണെന്ന് തോമസ് പറയുന്നു. 2001 നവംബർ ഒമ്പത് വെള്ളിയാഴ്ചയായിരുന്നു ദുരന്തം. കനത്ത മഴ നെയ്യാർഡാമിനും അമ്പൂരിക്കുമിടയിലെ കുരിശുമലയെ ഇളക്കിമറിച്ചു. മല മുഴുവൻ കുത്തിയൊലിച്ചെത്തി അടിവാരത്തെ വിഴുങ്ങുകയായിരുന്നു. മകന്റെ മനസ്സമ്മതച്ചടങ്ങിന് തലേദിവസമായിരുന്നു അന്ന്. ആലപ്പുഴ, കാഞ്ഞിരപ്പള്ളി, പുണെ എന്നിവിടങ്ങളിൽനിന്നെല്ലാം ബന്ധുക്കളെത്തിയിരുന്നു.
ഞാനും അനിയനുംകൂടി ഭക്ഷണം കഴിച്ച് മാറിനിന്നു. ബാക്കിയുള്ളവർ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദുരന്തം. മലവെള്ളപ്പാച്ചിലിൽ വീടുകൾ തരിപ്പണമായി. നിമിഷനേരംകൊണ്ട് ഒരു കുടുംബം മുഴുവൻ മണ്ണിനടിയിലായി. ഭാര്യ ലീലാമ്മ, മകൻ ബിനു, പുണെയിൽനിന്നെത്തിയ മകൾ ബീന, മകളുടെ ഭർത്താവ് റോമിയോ, മക്കളായ ഫെലിക്സും ലിയോണും അങ്ങനെ കുടുംബത്തിലെ 13 പേരെ നഷ്ടമായി. പ്രദേശത്ത് ആകെ 39 ജീവനുകളാണ് പൊലിഞ്ഞത്– കരച്ചിലടക്കിപ്പിടിച്ച് തോമസ് ഓർത്തു.
പത്തോളം കുടുംബങ്ങളെ സർക്കാർ മാറ്റിപ്പാർപ്പിച്ചെങ്കിലും തോമസ് മാറിയില്ല. വീണ്ടും വീടുവച്ചും കൃഷിയിറക്കിയും സ്വന്തം മണ്ണിൽ വേരുറപ്പിച്ച് അതിജീവനപാതയിലേക്ക് തോമസ് നടന്നുകയറുകയായിരുന്നു.









0 comments