ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സ് സെക്രട്ടറിയറ്റ് വളയൽ സമരം
പ്രചാരണ വാഹന ജാഥയ്‌ക്ക് ഉജ്വല തുടക്കം

ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ സെക്രട്ടറിയറ്റ് വളയൽ സമരത്തിന്റെ പ്രചാരണാർഥം കാസർകോട്– - കോഴിക്കോട് മേഖലാ വാഹന ജാഥ കാസർകോട്ട് എം വിജിൻ എംഎൽഎ ജാഥ ക്യാപ്റ്റൻ എം എ അജിത് കുമാറിന് പതാക കൈമാറി ഉദ്‌ഘാടനംചെയ്യുന്നു
കാസർകോട്
ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആൻഡ് ടീച്ചേഴ്‌സിന്റെ നേതൃത്വത്തിൽ 21ന് നടക്കുന്ന സെക്രട്ടറിയേറ്റ് വളയൽ സമരത്തിന്റെ വിജയത്തിനായുള്ള കാസർകോട്– - കോഴിക്കോട് മേഖലാ പ്രചാരണ വാഹന ജാഥ കാസർകോട്ട് തുടങ്ങി. സിവിൽ സ്‌റ്റേഷൻ പരിസരത്ത് എം വിജിൻ എംഎൽഎ ജാഥ ക്യാപ്റ്റൻ എം എ അജിത് കുമാറിന് പതാക കൈമാറി ഉദ്‌ഘാടനംചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ എ ആർ ധന്യവാദ് അധ്യക്ഷനായി. മാനേജർ പി പി സുധാകരൻ, ജാഥാംഗങ്ങളായ കെ പി സുനിൽകുമാർ, ഡോ. ഇ വി സുധീർ, എ വി മനോജ്കുമാർ, കെ വി ഗിരീഷ് എന്നിവർ സംസാരിച്ചു. ആക്ഷൻ കൗൺസിൽ കൺവീനർ കെ ഹരിദാസ് സ്വാഗതവും സംഘാടക സമിതി ജോ.കൺവീനർ സുനിൽകുമാർ നന്ദിയും പറഞ്ഞു. ജാഥ കാസർകോട്, കണ്ണൂർ, വയനാട് ജില്ലകളിൽ പര്യടനം നടത്തി 13ന് വൈകീട്ട് കോഴിക്കോട്ട് സമാപിക്കും. ചൊവ്വ രാവിലെ 9.30ന് കാഞ്ഞങ്ങാട് മിനി സിവിൽസ്റ്റേഷൻ പരിസരത്തും പകൽ 11ന് ചെറുവത്തൂർ ബസ്‌സ്റ്റാൻഡ് പരിസരത്തും സ്വീകരണംനൽകും. തുടർന്ന് ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിക്കും. ശമ്പള പരിഷ്‌കരണം ഉടൻ നടപ്പാക്കുക; ഇടക്കാലാശ്വാസം അനുവദിക്കുക, എൻപിഎസ് പിൻവലിച്ച് പഴയ പെൻഷൻപദ്ധതി പുനസ്ഥാപിക്കുക; പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിച്ച ഉത്തരവ് ഉടൻ നടപ്പാക്കുക, ഏൺഡ് ലീവ് സറണ്ടർ പുനസ്ഥാപിക്കുക, അന്യായ സ്ഥലംമാറ്റങ്ങൾ റദ്ദുചെയ്യുക, പൊതു സ്‌ഥലംമാറ്റം മാനദണ്ഡപ്രകാരം നടത്തുക, മെഡിസെപ്പ് അപാകം പരിഹരിക്കുക, വിദ്യാഭ്യാസ സർവീസ് മേഖലകൾ തകർക്കുന്ന നീക്കങ്ങൾ ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് സംസ്ഥാന ജീവനക്കാരും അധ്യാപകരും 21ന് സെക്രട്ടറിയേറ്റ് വളയുന്നത്.









0 comments