അലയാഴി സാക്ഷി, അസ്‌തമിക്കാത്ത സമരവീര്യത്തിന്

കണ്ണൂർ പയ്യാമ്പലത്തെ ‘ഉയരട്ടെ ജന്തർമന്തർ’ സമരത്തെരുവിലെ പാട്ടുംപറച്ചിലും പരിപാടിയുടെ സമാപനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു
കണ്ണൂർ
കണ്ണൂരിന്റെ സമരചരിത്രങ്ങളിൽ പുതിയ അധ്യായമെഴുതിയ പയ്യാന്പലത്തെ ജന്തർമന്തർ സമരത്തിന് പരിസമാപ്‌തി. തുടർദിവസങ്ങളിൽ ഡിവെെഎഫ്ഐ നേതൃത്വത്തിൽ മേഖലാ കേന്ദ്രങ്ങളിൽ ജന്തർമന്തർ ഒരുക്കും. പ്രായഭേദമന്യേ ആടിയും പാടിയും കഥ പറഞ്ഞും നൃത്തംചെയ്‌തും ചിത്രംവരച്ചും മണൽശിൽപ്പമൊരുക്കിയും കലയുടെയും പഠനത്തിന്റെയും പ്രതിരോധത്തിന്റെയും പുതുപാഠം പകർന്നാണ് സമരം മുന്നേറിയത്. ഒന്പതു ദിനരാത്രങ്ങളിലായി പയ്യാന്പലത്തെ കടൽത്തീരത്തേക്ക് ജില്ലയിലെന്പാടുമുള്ള ജനാവലി ഒഴുകിയെത്തി. വോട്ടുകൊള്ളക്കെതിരെയും മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌കുമാർ രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധം. ഡൽഹിയിലെ ജന്തർമന്തർ സമരങ്ങളെ അടിച്ചമർത്തുന്ന കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധമായാണ് കേരളക്കരയിലങ്ങോളമിങ്ങോളം ജന്തർമന്തറുകൾ ഉയർന്നത്. ബാലസംഘം, എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ നേതൃത്വത്തിലായിരുന്നു വേറിട്ട പ്രതിഷേധം. വിവിധ വർഗ ബഹുജന സംഘടനകളും മഹിളകളും കലാ– സാംസ്‌കാരിക പ്രവർത്തകരും അണിചേർന്നു. സമാപന ദിവസമായ തിങ്കളാഴ്‌ച സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജൻ പരിപാടികൾ ഉദ്‌ഘാടനം ചെയ്‌തു. ബാലസംഘം ജില്ലാ സെക്രട്ടറി കെ കെ ദേവിക അധ്യക്ഷയായി. നടൻ സന്തോഷ് കീഴാറ്റൂർ, കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, കാരായി രാജൻ എംഎൽഎ, ഡി വൈഎഫ്ഐ അഖിലേന്ത്യ ജോ. സെക്രട്ടറി വി കെ സനോജ് എംഎൽഎ, കേന്ദ്രകമ്മിറ്റിയംഗം എം ഷാജർ, ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സൽ, ട്രഷറർ മുഹമ്മദ് സിറാജ്, ജനാധിപത്യമഹിളാ അസേസിയേഷന്‍ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, എകെപിസിടിഎ സംസ്ഥാന ജനറൽ സെക്രട്ടറി എ നിഷാന്ത്, ജില്ലാ സെക്രട്ടറി ഡോ. രാഖി രാഘവൻ, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജോയൽ തോമസ്, പ്രസിഡന്റ് ടി പി ആദർശ്, സംസ്ഥാന കമ്മിറ്റി അംഗം സ്വാതി പ്രദീപ്, കെ പി വി പ്രീത, പി എം അഖിൽ, എ പി അൻവീർ, ഷിബിൻ കാനായി, കെ പി അലിഷ എന്നിവർ സംസാരിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി പി സിദിൻ സ്വാഗതവും അഭിരാം കോറോം നന്ദിയും പറഞ്ഞു. കര്‍ഷകസംഘം, സിഐടിയു, ജനാധിപത്യമഹിളാ അസോസിയേഷന്‍, കെഎസ്‌കെടിയു, എകെപിസിടിഎ സംഘടനകളുടെ അഭിവാദ്യ പ്രകടനങ്ങളും ഉണ്ടായി. പുന്നാട് പൊലികയുടെ നാടന്‍ കലാമേളയും അരങ്ങേറി.
ഗ്യാനേഷ് കുമാര്‍ കേന്ദ്ര ഭരണത്തിന്റെ കളിപ്പാവ: പി ജയരാജന്‍
കണ്ണൂര്‍
മുഖ്യതെരഞ്ഞെടുപ്പ് കമീഷണര്‍ ഗ്യാനേഷ് കുമാര്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ കളിപ്പാവയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി ജയരാജന്‍ പറഞ്ഞു. കണ്ണൂര്‍ പയ്യാമ്പലത്തെ ഉയരട്ടെ ജന്തര്‍ മന്തര്‍ സമരത്തെരുവിലെ പാട്ടും പറച്ചിലും പരിപാടിയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവതി, യുവാക്കള്‍ ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. മോദിയുടെയും സംഘപരിവാരത്തിന്റെ തിട്ടൂരത്തിന് വഴങ്ങി നമ്മുടെ മൂല്യങ്ങള്‍ അടയറവയ്‌ക്കില്ല. ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള രണ്ടാം സ്വാതന്ത്യസമരമാണ് നടക്കുന്നത്. പുതിയതലമുറ അവര്‍ എന്ത് ത്യാഗം സഹിച്ചും ജനാധിപത്യം സംരക്ഷിക്കുമെന്നും പി ജയരാജന്‍ പറഞ്ഞു.









0 comments