അമ്പലമുക്ക് വിനീത കൊലക്കേസ്: വിദഗ്‌ധരെ വിളിച്ചു വരുത്തി വിശദീകരണം തേടി കോടതി

തിരുവനന്തപുരം : വിനീത കൊലക്കേസ് വിചാരണയുടെ അന്തിമ വാദത്തിനിടെ ഫോറന്‍സിക് - സൈബര്‍ വിദഗ്‌ധരെ കോടതിയില്‍ വിളിച്ചു വരുത്തി വിശദീകരണം തേടി കോടതി. ഏഴാം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ഫോറന്‍സിക് വിദഗ്ധൻ എസ് ആര്‍ സുരേഷ്, സൈബര്‍ വിദഗ്ധ അനു ഫിലിപ്പ് എന്നിവരെ വിളിച്ചു വരുത്തി പ്രോസിക്യൂഷന്‍ തെളിവുകളില്‍ വ്യക്തത വരുത്തിയത്.
പേരൂര്‍ക്കടയിലെ അലങ്കാര ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെയാണ് കന്യാകുമാരി തോവാള വെളളിമഠം സ്വദേശി രാജേന്ദ്രന്‍ കൊലപ്പെടുത്തിയത്. കര്‍ശന കോവിഡ് നിയന്ത്രണങ്ങളാല്‍ നഗരം വന്‍ പൊലീസ് സുരക്ഷയിലായിരുന്ന 2022 ഫെബ്രുവരി ആറിന് പകല്‍ 11.42 നായിരുന്നു കൊലപാതകം. സംഭവ ദിവസം പ്രതി അമ്പലമുക്കില്‍ നിന്ന് വിനീത ജോലി ചെയ്തിരുന്ന അലങ്കാര ചെടി വില്‍പ്പന കേന്ദ്രത്തിലേക്ക് പോകുന്ന ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഈ ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമായി കാണാന്‍ കഴിയുന്ന തരത്തില്‍ ദൃശ്യങ്ങള്‍ മികവുറ്റതാക്കി കാണിക്കുന്നതിനാണ് കോടതി സൈബര്‍ വിദഗ്ധ അനു ഫിലിപ്പിന്റെ സഹായം തേടിയത്.
വിനീതയെ ഫോണില്‍ വിളിച്ച് കിട്ടാതെ വന്നപ്പോള്‍ തിരക്കിനിടെ ഫോണ്‍ എടുക്കാന്‍ മറന്ന താന്‍ കടയിലെത്തി വിനീത മരിച്ച് കിടക്കുന്നത് കണ്ട് വിനീതയുടെ ഫോണില്‍ നിന്ന് പൊലീസിനെ വിവരം അറിയിച്ചതായി കട ഉടമ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
പൊലീസ് ഹാജരാക്കിയ കോള്‍ ലിസ്റ്റില്‍ പൊലീസിനെ അത്യാവശ്യമായി വിളിക്കുന്ന 100 എന്ന നമ്പരോ, കട ഉടമയുടെ മിസ്ഡ് കോളുകളോ ഉണ്ടായിരുന്നില്ല. ഫോറന്‍സിക് വിഭാഗത്തിലെ മൊബൈല്‍ വിദഗ്ധന്‍ സുരേഷ് കോടതിയില്‍ വച്ച് വിനീതയുടെ മൂന്ന് വര്‍ഷം മുന്‍പ് പ്രവര്‍ത്തന രഹിതമായ ഫോണ്‍ പ്രവര്‍ത്തന ക്ഷമമാക്കി തെളിവുകള്‍ കോടതിയെ ബോധ്യപ്പെടുത്തി. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം സലാഹുദ്ദീന്‍ ഹാജരായി. കേസ് വീണ്ടും ഈ മാസം 18 ന് പരിഗണിക്കും.








0 comments