അമ്പലമുക്ക് വിനിത കൊലക്കേസ്: അന്തിമവാദം തുടങ്ങി

തിരുവനന്തപുരം: പേരൂർക്കടയിലെ അലങ്കാരച്ചെടി വിൽപ്പനശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ ചരുവിള കോണത്ത് സ്വദേശിനിയുമായ വിനീതയെ കുത്തിക്കൊന്ന കേസിന്റെ അന്തിമവാദം തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയിൽ തുടങ്ങി. കൊലപാതകം നടന്ന അലങ്കാരച്ചെടി വിൽപ്പനകേന്ദ്രത്തിലേക്ക് പോകുന്നതും തിരിച്ചുവരുന്നതുമുൾപ്പെടെ ആ ദിവസത്തെ പ്രതി രാജേന്ദ്രന്റെ യാത്രയുടെ സിസിടിവി ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ചു.
2022 ഫെബ്രുവരി ആറിന് പകൽ 11.50നാണ് വിനീതയെ തമിഴ്‌നാട് കന്യാകുമാരി തോവാള വെളളമഠം രാജീവ് നഗർ സ്വദേശി രാജേന്ദ്രൻ കുത്തിക്കൊലപ്പെടുത്തിയത്. അന്ന് പകൽ 11.40ന് അമ്പലമുക്ക് ജങ്‌ഷനിലേക്ക് രാജേന്ദ്രൻ പോകുന്നതും കൊലപാതകത്തിനുശേഷം തിരിച്ചുവന്ന് ആശുപത്രിക്കുസമീപത്തുവച്ച് ഓട്ടോയിൽ കയറി പോകുന്നതും സിസിടിവിയിൽ ഉണ്ട്. ധരിച്ച ഷർട്ട് കോർപറേഷന്റെ കുളത്തിൽ ഉപേക്ഷിച്ചു. ഉള്ളൂർ ജങ്‌ഷനിൽനിന്ന് ഓട്ടോയിൽ കയറി പേരൂർക്കട ജില്ലാ ആശുപത്രിക്കുസമീപത്തെ വാടകക്കെട്ടിടത്തിലേക്ക് പോയി.
വിനീതയെ കുത്തുന്നതിനിടയിൽ പ്രതിയുടെ കൈക്ക് പരിക്കേറ്റിരുന്നു. ഇത് തേങ്ങ ചിരകുന്നതിനിടെ ഉണ്ടായതാണെന്ന് വരുത്താൻ മുറിവേൽപ്പിച്ച് രാത്രിയിൽ ആശുപത്രിയിൽ പോയി. അടുത്ത ദിവസം രാവിലെ തമിഴ്‌നാട്ടിലേക്ക് പോയി. ഇതുൾപ്പെടെയുള്ള സിസിടിവി ദൃശ്യങ്ങളാണ് പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. തമിഴ്‌നാട്ടിലെ അഞ്ച്‌ഗ്രാമത്തിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് വിനീതയിൽനിന്ന് അപഹരിച്ച സ്വർണം വിറ്റത്. ഇതും തെളിവായി കോടതിയിൽ എത്തി.
കേസിന്റെ പ്രോസിക്യൂഷൻ വാദം ചൊവ്വാഴ്‌ചയും തുടരും. അടുത്തദിവസം പ്രതിഭാഗം വാദവും പൂർത്തിയാകുന്നതോടെ കോടതി വിധി പറയാൻ മാറ്റും. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ ഹാജരായി. ജഡ്ജി പ്രസൂൺ മോഹനാണ് കേസ് പരിഗണിക്കുന്നത്.








0 comments