അമ്പലമുക്ക് വിനിത കൊലക്കേസ്: ദൃശ്യങ്ങളിൽ ഉളളത് താൻ തന്നെയെന്ന് സമ്മതിച്ച് പ്രതി

തിരുവനന്തപുരം: അമ്പലമുക്ക് വിനിത കൊലക്കേസിന്റെ ഭാഗമായി പൊലീസ് കോടതിയിൽ ഹാജരാക്കിയ സിസിടിവി ദൃശ്യങ്ങളിൽ കാണുന്നത് തന്റെ ചിത്രം തന്നെയെന്ന് പ്രതി രാജേന്ദ്രൻ സമ്മതിച്ചു. സാക്ഷി വിസ്താരം പൂർത്തിയായ കേസിൽ ഇതുവരെയുളള സാക്ഷി മൊഴികലെയളെയും തെളിവുകളെയും അടിസ്ഥാനമാക്കി കോടതി നേരിട്ട് പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യം സമ്മതിച്ചത്.
തമിഴ്നാട്ടിൽ നിലവിൽ വിചാരണ നടക്കുന്ന രണ്ട് കൊലക്കേസുകളിൽ താൻ പ്രതിയാണെന്നും രാജേന്ദ്രൻ സമ്മതിച്ചു. കന്യാകുമാരി സ്വദേശിയായ താൻ ഹോട്ടൽ ജോലിക്കാണ് തിരുവനന്തപുരത്ത് എത്തിയതെന്ന കാര്യവും കോടതിയിൽ സമ്മതിച്ചു. ഉന്നത ബിരുദധാരിയായ പ്രതി ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിംഗിനുളള പണത്തിനാണ് പലപ്പോഴും കൊലപാതകങ്ങൾ ചെയ്തിരുന്നത്.
പേരൂർക്കടയിലെ അലങ്കാര ചെടി വിൽപ്പന ശാലയിലെ ജീവനക്കാരിയും നെടുമങ്ങാട് കരിപ്പൂർ ചരുവളളിക്കോണം സ്വദേശിനിയുമായ വിനീതയെ കൊലപ്പെടുത്തിയ പ്രതി വിനിതയുടെ സ്വർണ്ണമാല കവർന്ന് എടുത്തിരുന്നു. ഇത് പിന്നീട് കാവൽ കിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു. സ്വനപേടകത്തിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവുണ്ടാക്കി ഇരക്ക് ഒന്ന് ഒച്ച വയ്ക്കാൻ പോലും കഴിയാത്ത വിധമാണ് പ്രതി കൊലപാതകങ്ങൾ ചെയ്തിരുന്നത്.
വിനിത കൊല്ലപ്പെടുന്നതിന് മുൻപ് വെളളമഠം സ്വദേശിയും കസ്റ്റംസ് ഉദ്യോഗസ്ഥനുമായ സുബ്ബയ്യൻ, ഭാര്യ വാസന്തി, 13 കാരി മകൾ അഭിശ്രീ എന്നിവരെയും സമാനരീതിയിൽ കൊലപ്പെടുത്തി സ്വർണ്ണവും പണവും പ്രതി കവർന്നിരുന്നു. ഈ കേസിൽ പ്രതിയാണെന്ന കാര്യമാണ് പ്രതി ഇപ്പോൾ കോടതിയിൽ സമ്മതിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എം സലാഹുദ്ദീൻ ഹാജരായി.








0 comments