നാടിനെ നടുക്കിയ കൊലപാതകം ; നിർണായകമായത് ചുവരിലെ രക്തം

തിരുവനന്തപുരം : 2022 ഫെബ്രുവരി ആറ് ഞായറാഴ്ചയായിരുന്നു തലസ്ഥാന നഗരത്തെ നടുക്കിയ വിനീത കൊലക്കേസ്. പേരൂർക്കട അമ്പലമുക്ക് കുറവൻകോണം റോഡിലെ ടാബ്സ് അഗ്രി ക്ലിനിക്കിലെ ചെടികൾക്ക് വെള്ളമൊഴിക്കാൻ സ്‌കൂട്ടറിലാണ് വിനീത രാവിലെ എത്തിയത്. ചെടിച്ചട്ടി വാങ്ങാനെന്ന വ്യാജേന രാജേന്ദ്രനും. കടയുടെ പുറകിലേക്ക് ചെടിച്ചട്ടി എടുക്കാൻ പോകുമ്പോഴാണ് പിന്നാലെയെത്തി മൂക്കും വായും പൊത്തിപ്പിടിച്ച്, കഴുത്തിൽ കുത്തിയത്. മൃതദേഹം ഷെഡിന്റെ മൂലയിലുള്ള തറയിൽ കിടത്തി മണലരിപ്പയും ഫ്ളക്സ്ഷീറ്റുംകൊണ്ട് മൂടി. തുടർന്ന് ഓട്ടോയിൽ കയറി മുങ്ങി. പിടിവലിയിൽ വലത് കൈയിലുണ്ടായ മുറിവിന് ആശുപത്രിയിൽ ചികിത്സയും തേടി. സംശയിക്കാതിരിക്കാൻ ഇലക്ട്രിക് ചിരവയിൽ സ്വമേധയാ കൈയിൽ മുറിവുണ്ടാക്കി. പിറ്റേന്ന് തമിഴ്നാട്ടിലേക്ക് കടന്നു. അഞ്ചാംദിവസം കാവൽകിണറിൽനിന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
നിർണായകമായത് ചുവരിലെ രക്തം
ആക്രമണം തടയാനുള്ള വിനീതയുടെ ശ്രമത്തിനിടെ രാജേന്ദ്രന്റെ വലത് കൈയിലെ വിരലുകൾക്ക് മുറിവേറ്റതും ചുവരിൽ ഈ രക്തക്കറ പതിഞ്ഞതും നിർണായക തെളിവായി. പ്രതിയിൽനിന്ന് കണ്ടെടുത്ത കത്തിയിലും പുരണ്ടത് രാജേന്ദ്രന്റെയും വിനീതയുടെയും രക്തമാണെന്ന് ഫോറൻസിക് ഡിഎൻഎ പരിശോധനയിൽ തെളിഞ്ഞു.
സമാനസ്വഭാവത്തിൽ നാല് അരുംകൊലകൾ
മൂന്ന് അരുംകൊലകൾ നടത്തി തമിഴ്നാട് ജയിലിലായ രാജേന്ദ്രൻ ജാമ്യത്തിൽ കഴിയവെയാണ് വിനീതയെ കൊലപ്പെടുത്തുന്നത്. നാല് കൊലകളും സമാനസ്വഭാവത്തിലുള്ളതാണെന്ന് ഡോക്‌ടർമാരുടെ സാക്ഷ്യം. 2014ൽ തമിഴ്നാട് തിരുനെൽവേലി ആരുൽവാമൊഴി വെള്ളമഠം സ്വദേശിയായ കസ്റ്റംസ് ഉദ്യോഗസ്ഥൻ സുബ്ബയ്യ (58), ഭാര്യ വാസന്തി (55), വളർത്തുമകൾ അഭിശ്രീ (13) എന്നിവരെയാണ് കൊലപ്പെടുത്തിയത്. 2014 ഡിസംബറിൽ രാജേന്ദ്രൻ അറസ്റ്റിലായിരുന്നു. ഗൂഢാലോചനാ കുറ്റത്തിന് രാജേന്ദ്രനോടൊപ്പമുണ്ടായിരുന്ന കൂട്ടുപ്രതിയെ കണ്ടെത്താൻ വൈകി. ഇതു കാരണം കൃത്യസമയത്ത് തമിഴ്‌നാട് പൊലീസ് കുറ്റപത്രം നൽകാനായില്ല. ഇതോടെ ഇയാൾ 2015 ഡിസംബറിൽ ജയിലിൽനിന്ന് പുറത്തിറങ്ങി.
നാല് കൊല നടത്തിയതും ഒരു ശബ്ദംപോലും പുറത്ത് കേൾപ്പിക്കാതെയാണ്. സ്വനപേടകത്തിന് മുറിവേൽപ്പിക്കുന്നതാണ് രീതി. ഇരയുടെ പിറകിലൂടെ എത്തി കഴുത്തിൽ കത്തി കുത്തിയിറക്കി ആഴത്തിൽ മുറിവുണ്ടാക്കും. ഇത് മരണത്തിനിടയാക്കും.
ഉന്നത ബിരുദധാരി, തമിഴ്‌നാട്ടിൽ അധ്യാപകൻ
നാല് കൊലപാതകങ്ങൾ നടത്തിയ രാജേന്ദ്രൻ തമിഴ്‌നാട്ടിൽ അധ്യാപകൻ. തഞ്ചാവൂർ തമിഴ് സർവകലാശാലയിൽനിന്ന് വിദൂര വിദ്യാഭ്യാസത്തിലൂടെ ബിഎഡ് ബിരുദം നേടിയശേഷം ചരിത്രത്തിലും ഇക്കണോമിക്സിലും ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയാണ് പേൾ മെട്രിക് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകനായത്. സോഫ്‌റ്റ്‌വെയർ അടക്കം സാങ്കേതിക മേഖലകളിലും പ്രാവീണ്യമുണ്ട്.
കവർന്ന പണം സ്‌റ്റോക്ക് മാർക്കറ്റിലേക്ക്
കൊലപാതകങ്ങൾ നടത്തി കിട്ടുന്ന പണം ഓൺലൈൻ സ്റ്റോക്ക് മാർക്കറ്റിങ്ങിൽ നിക്ഷേപിക്കുകയാണ് രാജേന്ദ്രന്റെ പതിവ്. വിനീതയെ കൊലപ്പെടുത്തി തട്ടിയെടുത്ത നാലരപ്പവൻ മാല തമിഴ്നാട് കാവൽകിണറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥൻ സുബ്ബയ്യയെയും കുടുംബത്തെയും വകവരുത്തിയതും പണം ലക്ഷ്യമിട്ടാണ്. 95 ഗ്രാം സ്വർണം ഇവരിൽനിന്ന് കവർന്നു. ഈ കേസിന്റെ വിചാരണ നാഗർകോവിൽ സെഷൻസ് കോടതിയിൽ നടക്കുകയാണ്. ജാമ്യത്തിലിറങ്ങിയാണ് പേരൂർക്കടയിലെ കടയിൽ ജോലിക്ക് കയറിയത്. സംഭവദിവസം മറ്റൊരു സ്‌ത്രീയെ ലക്ഷ്യമിട്ട് പിറകെ പോയെങ്കിലും നടക്കാതെ വന്നപ്പോഴാണ് കടയിൽനിന്ന വിനീതയെ കാണുന്നത്.








0 comments